നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

Posted by

 

മാനസയുടെ ശബ്ദത്തിൽ വലിയൊരു മുന്നറിയിപ്പുണ്ടായിരുന്നു.

 

“നീ ആ കവാടത്തിന്റെ അടുത്തെത്തിയ ആ നിമിഷം, അവളുടെ ബാക്കിയുള്ള ശക്തി മുഴുവൻ ഉപയോഗിച്ച് അവൾ നിന്നെ സ്വന്തമാക്കാൻ ശ്രമിച്ചു. അതിൽ അവൾ വിജയം കണ്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു നിന്റെ ശരീരത്തിൽ പതിഞ്ഞ ആ നാഗത്തിന്റെ മുദ്ര!”

 

​എന്റെ തൊണ്ട വരണ്ടുണങ്ങാൻ തുടങ്ങി. എന്നെ അവൾ അപ്പോഴേ ലക്ഷ്യം വെച്ചിരുന്നോ!

 

​”ആ ചിത്രം വെറുമൊരു അടയാളമായിരുന്നില്ല ദേവാ, അവൾ നിന്നെ പൂർണ്ണമായും അവളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു”

 

എന്റെ മനസ്സിൽ അലയടിച്ച ആ വലിയ ചോദ്യം… ‘പക്ഷെ എന്തിന്…? വെറുമൊരു സാധാരണക്കാരനായ എന്നെ എന്തുകൊണ്ട് അവൾ ലക്ഷ്യം വെച്ചു…?’

 

എന്റെ മുഖത്തെ ആ സ്തംഭനാവസ്ഥ കണ്ട് മാനസയ്ക്ക് എന്റെ ഉള്ളിലെ ചിന്തകൾ കൃത്യമായി വായിച്ചെടുക്കാൻ കഴിഞ്ഞിരിക്കണം . അവരുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.

 

മാനസ പതുക്കെ ആ ആട്ടുപലകയിൽ നിന്നും എഴുന്നേറ്റു. അവളുടെ ആ കരിങ്കൽ കണ്ണുകൾ എന്റെ നെറ്റിയിലേക്ക്, അവിടെ മാംസത്തോട് ചേർന്ന് തിളങ്ങുന്ന ആ രുധിരമണിയുടെ ചെറിയ അംശത്തിലേക്ക് നീണ്ടു. അവർ പതുക്കെ തന്റെ ചൂണ്ടുവിരൽ എന്റെ നെറ്റിക്ക് നേരെ ഉയർത്തി.

 

“നിനക്ക് മാത്രമല്ല ദേവാ, ഈ മുറിയിലുള്ള ആർക്കും മനസ്സിലാവാത്ത ഒരു വലിയ സത്യമുണ്ട്…”

 

മാനസയുടെ ശബ്ദം ആ മുറിയിലെ തണുപ്പിനെ വകഞ്ഞുമാറ്റി കൂടുതൽ ഗാംഭീര്യത്തോടെ മുഴങ്ങി.

 

“കുറച്ചുമുമ്പ് ആ കളരിയിൽ വെച്ച് എന്റെ ജീവന്റെ അവസാനത്തെ ശക്തിയും ഈ രുധിരമണിയിലൂടെ ഞാൻ നിനക്ക് പകർന്നു നൽകിയല്ലോ… ആ ശക്തി എന്റെ ശരീരത്തിൽ നിന്നും നിന്റെ സിരകളിലേക്ക് തീജ്വാലപോലെ ഒഴുകിയിറങ്ങിയ ആ ചെറിയ നിമിഷത്തിൽ, ഈ രത്നത്തിലൂടെ നിന്റെ ഉള്ളറകളിലേക്ക്, നിനക്ക് പോലും ഓർമ്മയില്ലാത്ത നിന്റെ അബോധമനസ്സിലേക്ക് എനിക്കൊരു നോട്ടം കിട്ടി!”

Leave a Reply

Your email address will not be published. Required fields are marked *