നിധിയുടെ കാവൽക്കാരൻ 24 [കാവൽക്കാരൻ]

Posted by

 

എന്റെ മനസ്സിലെ ഭാവം മുഖത്ത് നിന്നും വായിച്ചെടുത്തിട്ടാവണം, നിധി അവളുടെ കലങ്ങിയ കണ്ണുകൾ ഇറുക്കി അടച്ചു.അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ എന്റെ കവിളിലേക്ക് വീണു.

 

“ഞങ്ങളോട് ക്ഷമിക്കണം ദേവാ…”

 

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.

 

“നിന്നെ ഞങ്ങൾ വെറുത്തതല്ല… അങ്ങനെ അഭിനയിക്കാൻ മാനസാ ദേവി ഞങ്ങളെ നിർബന്ധിച്ചതാണ്. നിന്റെ ഉള്ളിലെ യഥാർത്ഥ വാശിയും, മരണത്തെപ്പോലും ഭയക്കാത്ത ആ പോരാളിയെയും പുറത്തുകൊണ്ടുവരാൻ, നിനക്ക് ഏറ്റവും പ്രിയപ്പെട്ടവർ നിന്നെ തള്ളിപ്പറയണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു… അതിൽ കൂടുതൽ വേദനിച്ചത് ശരിക്കും ഞങ്ങൾ തന്നെയാണ്…”

 

ഇത് കേട്ടതും എന്റെ നെഞ്ചിലൊരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി. പക്ഷെ ഇത്രയും നേരം ഞാൻ അനുഭവിച്ച ആ സങ്കടം എന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള വെറുമൊരു നാടകമായിരുന്നോ!

 

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിക്കിടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ആ ഒറ്റപ്പെടലിന്റെയും വേദനയുടെയും ഭാരം ഒറ്റയടിക്ക് ഇല്ലാതായെങ്കിലും, പെട്ടെന്നൊരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.

 

എന്റെയുള്ളിലെ ആ പഴയ ദേവ തിരികെ വരികയായിരുന്നു. ഞാൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കണ്ണെടുക്കാതെ അവളുടെ ആ കലങ്ങിയ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു.

 

എന്റെ ആ നിശ്ശബ്ദത അവളെ വല്ലാതെ ഭയപ്പെടുത്തിയിരിക്കണം. ഞാൻ ഇപ്പോഴും അവളോട് പൊറുത്തിട്ടില്ലെന്നും, ആ നാടകം എന്റെ മനസ്സിനെ അത്രത്തോളം മുറിവേൽപ്പിച്ചിട്ടുണ്ടെന്നും അവൾ തെറ്റിദ്ധരിച്ചിരിക്കണം… അതുവരെ എങ്ങനെയൊക്കെയോ കടിച്ചമർത്തിപ്പിടിച്ചിരുന്ന അവളുടെ നിയന്ത്രണം ആ നിമിഷം പൂർണ്ണമായും നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *