ഒരുപക്ഷേ എന്നെപ്പോലെ തന്നെ ആ വലിയ സത്യങ്ങൾ അറിയാൻ അവിടെ കൂടിയിരിക്കുന്ന ഓരോരുത്തർക്കും അതിയായ ആഗ്രഹമുണ്ടായിരിക്കണം.
ശരിക്കും ആരാണ് ഇവരെല്ലാം? എന്താണ് അവർക്ക് പിന്നിലുള്ള രഹസ്യം? മലയുമായി മാനസക്ക് എങ്ങനെയാണ് ബന്ധം? രുധിരമണി എങ്ങനെയാണ് പൊട്ടിയത്? ഈ ചോദ്യങ്ങളെല്ലാം അവിടെ തറയിൽ ഇരിക്കുന്ന ഓരോരുത്തരുടെയും മുഖത്ത് വ്യക്തമായി
കാണാമായിരുന്നു.
തൂക്കുക്കട്ടിലിന്റെ ആട്ടം പതുക്കെ നിന്നു. മാനസ സാവധാനം അവരുടെ കരിങ്കൽ കണ്ണുകൾ തുറന്നു. ആ നോട്ടം നേരെ വന്ന് പതിച്ചത് എന്നിലായിരുന്നു!
പെട്ടെന്നാണ് അത് സംഭവിച്ചത്… ആകാശം നെടുകെ പിളരുന്നതുപോലെയുള്ള കാതടപ്പിക്കുന്ന വലിയൊരു ഇടിമുഴക്കം ആ മാന്ത്രിക തറവാടിനെ ഒന്നാകെ കുലുക്കി!
കൂരിരുട്ട് നിറഞ്ഞ ആ രാത്രിയെ ഒരു നിമിഷം പകലാക്കിക്കൊണ്ട്, ഭയാനകമായ ഒരു മിന്നൽപ്പിണർ ആ കരിങ്കൽ മുറിയുടെ ജനൽപ്പാളികളിലൂടെ ഉള്ളിലേക്ക് അടിച്ചുകയറി.
ആ മിന്നൽവെളിച്ചത്തിൽ മാനസയുടെ മുഖത്തെ ആ ഗൗരവം ഒന്നുകൂടി വന്യമായി എനിക്ക് തോന്നി. ആ ഇടിമുഴക്കത്തിന്റെ പ്രകമ്പനം അവസാനിക്കുന്നതിന് മുൻപേ തന്നെ, ആർത്തലച്ചു പെയ്യുന്ന വലിയൊരു പേമാരിക്ക് പുറത്ത് തുടക്കമായിരുന്നു….
മാനത്ത് കെട്ടിനിന്ന സകല ഭാരവും ഒറ്റയടിക്ക് ഭൂമിയിലേക്ക് ഒഴിച്ചുവിടുന്നതുപോലെയുള്ള ഒരു കൊടുംമഴ!
ആ വലിയ വീടിന്റെ മേൽക്കൂരയിലും തടിജനലുകളിലും ആയിരക്കണക്കിന് മഴത്തുള്ളികൾ ഒന്നിച്ചു വന്ന് പതിക്കുന്ന ശബ്ദം ആ മുറിയിലെ നിശ്ശബ്ദതയെ കൂടുതൽ ഭയാനകമാക്കി. മഴയ്ക്കൊപ്പം വീശിയടിച്ച കൊടുംകാറ്റ് ആ കരിങ്കൽ മുറിക്കുള്ളിലേക്ക് വലിയൊരു മരവിപ്പാണ് കൊണ്ടുവന്നത്.