ഇത് കേട്ടപ്പോൾ എന്റെ ഉള്ളിലൊന്ന് കാളി. ദേവന്മാരെയും അസുരന്മാരെയും വരെ പഞ്ഞിക്കിട്ടവളാണോ ഈ അപ്സര!
മാനസ വീണ്ടും എന്നെ നോക്കി. ആ നോട്ടത്തിൽ ഇപ്പോൾ വലിയൊരു പ്രതീക്ഷയുണ്ടായിരുന്നു.
”ദേവാ… എന്റെ കൈവശമുണ്ടായിരുന്ന ആ രുധിരമണി എങ്ങനെയാണ് പൊട്ടിപ്പോയതെന്ന് നിനക്കറിയുമോ?”
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞങ്ങളെല്ലാവരും പരസ്പരം നോക്കി. ആർക്കും അതിന്റെ ഉത്തരം അറിയില്ലായിരുന്നു. എല്ലാവരും ഒരുപോലെ അറിയില്ല എന്നർത്ഥത്തിൽ തലയനക്കി.
അത് കണ്ടപ്പോൾ മാനസയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു… എന്നാൽ ആ ചിരിയിൽ തന്നോട് തന്നെയുള്ള വല്ലാത്തൊരു പുച്ഛവും, കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള വലിയൊരു കുറ്റബോധവും നിറഞ്ഞുനിന്നിരുന്നു. ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു തുടങ്ങി:
”രുധിരമണിയുടെ സംരക്ഷകയായ ഞാൻ, എനിക്ക് ലഭിച്ച ആ വലിയ ശക്തിയിൽ വല്ലാതെ അഹങ്കരിച്ചിരുന്നു. ആ അഹങ്കാരത്തിന്റെ പുറത്ത്, ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ഞാനാണെന്ന് തെളിയിക്കാൻ… ഞാൻ സാക്ഷാൽ അപ്സര ദേവിയോട് യുദ്ധം ചെയ്യാൻ പോയി!”
ഇത് കേട്ടതും സച്ചിനും രാഹുലും അക്ഷരംപ്രതി ഞെട്ടിപ്പോയി. ..
”അതെ…”
മാനസയുടെ കണ്ണുകളിൽ ആ പഴയ തോൽവിയുടെ ഭാരം നിഴലിച്ചു.
“ഒരു വലിയ യുദ്ധം നടക്കുമെന്ന് കരുതിയ എനിക്ക് തെറ്റി. ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്ത് പ്രയോഗിച്ച ആ കൊടും ചൂടിനെയും മാന്ത്രികതയെയും, ദേവി തന്റെ ഒരൊറ്റ ചെറുവിരൽ കൊണ്ട്… അതെ, വെറുമൊരു ചെറുവിരൽ കൊണ്ട് പൂർണ്ണമായും തടുത്തുനിർത്തി! എന്റെ സർവ്വ അഹങ്കാരങ്ങളെയും നിഷ്കരുണം തോൽപ്പിച്ചു കളഞ്ഞു. ദേവിയുടെ ആ ഒരൊറ്റ പ്രഹരത്തിൽ എന്റെ ശക്തി മുഴുവൻ തകർന്നുപോയി, ഒപ്പം എന്റെ കയ്യിലുണ്ടായിരുന്ന രുധിരമണി പൊട്ടിത്തെറിക്കുകയും ചെയ്തു.”