പാതി തുറന്നുകിടക്കുന്ന ജനലഴികളിലൂടെ നനഞ്ഞ കാറ്റ് ഒരു ഹൂങ്കാരശബ്ദത്തോടെ ഉള്ളിലേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു.
ആ കാറ്റിൽ എല്ലുതുളയ്ക്കുന്ന വലിയൊരു തണുപ്പുണ്ടായിരുന്നു. എന്റെ ദേഹത്ത് ആകെയുണ്ടായിരുന്നത് ഒരു മുണ്ടുമാത്രമാണ്. യുദ്ധം കഴിഞ്ഞ്, ചോരവാർന്ന് തളർന്നിരിക്കുന്ന എന്റെ മാംസപേശികളെ ആ കാറ്റ് കോച്ചിവലിച്ചു.
ഞങ്ങൾ ഇരിക്കുന്ന ആ തണുത്ത കരിങ്കൽ തറയിൽ നിന്നും ശൈത്യം പതുക്കെ ഞരമ്പുകളിലൂടെ അരിച്ചുകയറുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ആ തണുപ്പ് താങ്ങാനാവാതെ എനിക്കിരുവശവുമിരുന്ന ആമിയും നിധിയും ചെറുതായി വിറയ്ക്കുകയും, എന്റെ ശരീരത്തോട് കൂടുതൽ ചേർന്നിരിക്കുകയും ചെയ്തു. മീനാക്ഷിമോൾ തക്ഷകന്റെ മടിയിലേക്ക് ചുരുണ്ടുകൂടി. മുറിയിലുള്ള മറ്റുള്ളവരും ആ അരിച്ചുകയറുന്ന തണുപ്പിൽ തങ്ങളുടെ കൈകൾ നെഞ്ചോട് ചേർത്തുകെട്ടി ഇരിക്കുകയായിരുന്നു.
പക്ഷേ… ഈ വലിയ ഇടിമുഴക്കമോ, ഞങ്ങളെ മരവിപ്പിക്കുന്ന ഈ തണുപ്പോ മാനസയെ ഒട്ടും ബാധിച്ചതേയില്ല! അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ജനലിലൂടെ വന്ന ആ കൊടുംകാറ്റിൽ അവരുടെ നനഞ്ഞ മുടിയിഴകളും സാരിത്തുമ്പും പാറിപ്പറക്കുന്നുണ്ടായിരുന്നെങ്കിലും, ആ കരിങ്കൽ കണ്ണുകൾ എന്നിൽ നിന്നും ഒരിഞ്ചുപോലും മാറിയില്ല. ഒരു കൽപ്രതിമ പോലെ അവർ എന്നെത്തന്നെ ഉറ്റുനോക്കുകയാണ്.
പുറത്തു പെയ്യുന്ന ഈ കൊടുംമഴയും കൊടുങ്കാറ്റും, ഇനി അവർ പറയാൻ പോകുന്ന വലിയ സത്യങ്ങൾക്ക് മുൻപുള്ള പ്രകൃതിയുടെ വെറുമൊരു മുന്നൊരുക്കം മാത്രമാണെന്ന് എനിക്ക് തോന്നി. വരാൻ പോകുന്ന വലിയൊരു പ്രളയത്തിന്റെ സൂചന!