“ദേണ്ടേ…. പൂവ്….”
യക്ഷമി ചൂണ്ടി കാണിച്ച ഇടത്തേക്ക് അഗ്നി ഇറങ്ങി പൂക്കൾ പറിച്ചു തിരികെ കയറി….
അഗ്നി തന്റെ മുറിയിൽ ഈശ്വരന് സ്ഥാനം പണിയുമ്പോൾ കൂടെ യക്ഷമിയും ഉണ്ടായിരുന്നു….നേരത്തെ വടക്ക് കിഴക്കേ മൂലയിൽ ചേർത്തിട്ട മേശയുടെ പുറത്ത് അഗ്നി വിഗ്രഹം പൊതിഞ്ഞിരുന്ന ചുവന്ന പട്ട് വിരിച്ചു….. പറിച്ചുകൊണ്ടുവന്ന രണ്ടുകുല തെച്ചിപൂക്കളിൽ നിന്ന് ഒരു പൂങ്കുല വേർപെടുത്തി പൂക്കൾ അടർത്തി പട്ടിനുമേലെ വിതറി…..
യക്ഷമി കണ്ണുകൾ അടച്ച് പ്രാർത്ഥനയോടെ നിൽക്കെ അഗ്നി ബാഗിൽ നിന്നും നൂറ്റാണ്ടുകളായി ഭൈരവശ്ശേരിയിലെ സന്തതിപരമ്പരകൾ ആരാധിച്ചുവരുന്ന ഭൈരവന്റെ പഞ്ചലോഹ വിഗ്രഹം കൈകളിലെടുത്തു….
“ഓം ഹ്രീം ബടുക്കായ ആപദുദ്ധാരണായ കുരു കുരു ബടുക്കായ ഹ്രീം ഓം സ്വാഹാ….”മന്ത്രോചാരണങ്ങളോടെ അഗ്നി ആ വിഗ്രഹത്തെ ചുവന്ന പട്ടിനു മുകളിൽ തെച്ചിപൂക്കൾക്ക് ഇടയിലായി പ്രതിഷ്ഠിച്ചു….ഭൈരവ പ്രതിഷ്ഠയുടെ വലതുവശത്തായി ഒരു താലം വച്ച് മുകളിൽ പൂക്കളും തുളസി ഇലകളും വിതറി, ഒരു മൺചിരാത് നല്ലെണ്ണയൊഴിച്ച് തിരിയിട്ട് താലത്തിന് പുറത്തായി വച്ചു തിരി തെളിച്ചു….
കൂടെ ഉണ്ടാവണേ ഭൈരവാ…..വിഖ്‌നങ്ങൾ ഇല്ലാതെ സുഭദ്രയുടെ ചികിത്സ പൂർത്തിയാക്കാൻ അഗ്നി മനസ്സുരുകി പ്രാർത്ഥിച്ചു….യക്ഷമിയുടെ മനസ്സിലും സുഭദ്രയുടെ മുഖമായിരുന്നു…
.
.
.
വൈകുന്നേരം അപ്രതീക്ഷിതമായി ഒരു മഴ ഭൂമിയെ നനച്ചു…..
തന്റെ മുറിയിൽ ജനലോരം ചേർന്നുനിന്ന് പുറത്തെ മഴ ആസ്വദിക്കുകയായിരുന്നു യക്ഷമി….. കുളപ്പടവിൽ പോയി തുണി കഴുകാമെന്ന് കരുതിയിരുന്നു, ഇനിയിപ്പോ ഈ മഴയത്ത് നടക്കില്ല…..