സുഭദ്ര കിടക്കുന്ന മുറിയുടെ മുന്നിൽ എത്തിയതും രാജശേഖരൻ വാതിൽ തുറന്നു, അഗ്നി ഉൾപ്പെടെ എല്ലാവരും അകത്തേക്ക് കയറി…..ഈ വരവ് പ്രതീക്ഷിച്ചെന്നോണം സുഭദ്ര കണ്ണുതുറന്ന് കിടപ്പുണ്ടായിരുന്നു…. കൂട്ടത്തിൽ അപരിചിതനായ അഗ്നിയെ അവളൊന്ന് നോക്കി പിന്നെ ദേഷ്യത്തോടെ ഇടത്തേക്ക് തലവെട്ടിച്ചു….
“മോളെ…. ഇത് ഡോക്ടർ അഗ്നിദേവ്….. മോളെ ചികിത്സിക്കാൻ ദൂരേന്ന് വന്നതാ…..”
അവളുടെ അരികിലിരുന്നുകൊണ്ട് രാജശേഖരൻ സാവധാനം പറഞ്ഞു….
“എനിക്കാരേം കാണണ്ട…..അവനോട് പോകാൻ പറയ്….”
സുഭദ്രയുടെ ഒച്ച ആ മുറിയിൽ മാറ്റൊലി തീർത്തു, യക്ഷമി ഞെട്ടി അഗ്നിയുടെ മുഖത്തേക്ക് നോക്കി, അവന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല….
“സുഭദ്രേ…..”
രേവതി ശാസനയോടെ വിളിച്ചതും അഗ്നി അവരെ കടുപ്പിച്ചു നോക്കി…. ഒന്നര വർഷമായി ശരീരം അനക്കാൻ കഴിയാതെ ഒരേ കിടപ്പ് കിടക്കുന്നകുട്ടിയാണ്… ദേഷ്യം ഉണ്ടാകും….അവന്റെ മൂർച്ചയുള്ള നോട്ടത്തിൽ രേവതി അറിയാതെ പിന്നോട്ട് നീങ്ങി തല കുനിച്ചു….
“അങ്ങനെ പറയല്ലേ മോളെ… നിന്നെ നോക്കാനല്ലേ ഡോക്ടർ ഇത്രയും ദൂരേന്ന് വന്നത്….”
സുഭദ്രയുടെ മുടിയിൽ തലോടി അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് രാജശേഖരൻ പറഞ്ഞു
“ന്നെ ആരും നോക്കണ്ട…. മടുത്തു….. പറ്റുമെങ്കിൽ ന്തേലും കലക്കിതന്ന് ന്റെ ജീവിതം ഒന്ന് അവസാനിപ്പിച്ചു താ…..”
സുഭദ്രയുടെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു…. അവിടെ നിന്ന സകലരുടെയും അവസ്ഥ അങ്ങനെതന്നെ ആയിരുന്നു….. നൃത്തം ജീവശ്വാസമായി കൊണ്ടു നടന്ന പെൺകുട്ടി, ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചതിന് മരിക്കുന്നവരെയും നൃത്തം ചെയ്യണമെന്നു പറഞ്ഞ പെൺകുട്ടി…. അവളുടെ വാക്കുകൾ കേൾക്കാൻ ത്രാണി ഇല്ലാതെ രേവതി മുറിക്ക് പുറത്തേക്ക് ഇറങ്ങി….