മുറിയിൽ തളംകെട്ടിനിന്ന ആ നിശബ്ദത ഭേദിച്ചത് വേണിയാണ്. അവൾ പതുക്കെ തലയുയർത്തി എന്നെ ഒന്ന് നോക്കി. ആ പഴയ പിണക്കത്തിന്റെ കെട്ടുകൾ അഴിഞ്ഞു വീണതുപോലെ അവളുടെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു.
“സോറി…” അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എനിക്ക്… എനിക്ക് ശരിക്കും മനസ്സിലായില്ല ഹരിയേട്ടനാണെന്ന്. ഏട്ടൻ ആകെ മാറിപ്പോയിരിക്കുന്നു.”
ഞാൻ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റു.
“ഞാനും സോറി വേണി. നീയാണെന്ന് ഞാനും കരുതിയില്ല. പണ്ടത്തെ പോലൊന്നുമല്ലല്ലോടി…നീയാകെ തടിച്ചു കൊഴുത്ത് സുന്ദരി ആയല്ലോ….”
അതുകേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. ആ ഉണ്ടക്കണ്ണുകളിൽ പഴയ കുസൃതി വീണ്ടും മിന്നിമറഞ്ഞു.
“പിന്നെ… വർഷം 7 കഴിഞ്ഞില്ലേ? ഹരിയേട്ടന് അവിടെ യു.കെയിൽ സുഖമായിരുന്നോ? തിരക്ക് കാരണം ആരെയും വിളിക്കില്ലെന്നൊക്കെ അമ്മ പരാതി പറയാറുണ്ടായിരുന്നു…”
“അതെയെടാ… അവിടെ ജോലിയും തിരക്കും ഒക്കെയായപ്പോൾ വല്ലാതെ അങ്ങ് ഒതുങ്ങിപ്പോയി. ഇങ്ങോട്ട് വരണമെന്നുണ്ടായിരുന്നു, പക്ഷേ സാഹചര്യങ്ങൾ ഒത്തു വന്നില്ല,”
ഞാൻ മറുപടി നൽകി. അല്പം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ആകാംക്ഷ കാരണം ഞാൻ പതുക്കെ ചോദിച്ചു,
“പിന്നെ… വേണി, നിന്റെ വിശേഷങ്ങൾ എന്തൊക്കെയാ…? കെട്ടിയോൻ എവിടെ? കുറെ കാലമായല്ലോ നിന്റെ വിശേഷങ്ങളൊക്കെ കേട്ടിട്ട്…
ചാടിപ്പോയപ്പോ അമ്മാവൻ നിന്നെ വീട്ടിൽ പോലും കേറ്റില്ല എന്നല്ലേ പറഞ്ഞെ… പിന്നെ എന്തുണ്ടായി…”