സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്നു.
അരുണിമയെ കണ്ടതും തന്റെ ധൈര്യമെല്ലാം
എങ്ങോട്ടോ ചോർന്നു പോകുന്ന പോലെ അവന് തോന്നി.വിറയ്ക്കുന്ന ഉടലോടെ അവൻ അവിടെ ബലം പിടിച്ചു നിന്നു.
“മ്മ് ”
അരുണിമ അവന് നേരെ ചോദ്യ ഭാവത്തോടെ നോക്കി. അനന്തു ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി.
“അതല്ല ഞാൻ ചോദിച്ചേ… താൻ എന്തിനാ വന്നത് ? ”
“ഇയാളെ കാണാൻ ”
അനന്തു പ്രതീക്ഷയോടെ പറഞ്ഞു.
“അതിനു ഞാൻ ആരാ? തന്റെ കെട്ടിയോളോ?”
ദേഷ്യം കലർന്ന ഭാവത്തോടെ അനന്തുവിനെ അവൾ തുറിച്ചു നോക്കി. അത് കേട്ടതും അനന്തു ആകെ ചൂളി പ്പോയി.
“അത് പി…ന്നെ ഞാ..ൻ “അനന്തു വിക്കി.
“പിന്നെ ഞാൻ? ”
ബാക്കി കേൾക്കാനുള്ള വ്യഗ്രതയിൽ അരുണിമ എളിയിൽ കൈ കുത്തി പുരികം പൊന്തിച്ചു ചൂണ്ടുകൾ കൂർപ്പിച്ച് വച്ചു അവനെ നോക്കി.
ആ നോട്ടം അനന്തുവിന്റെ നെഞ്ചിൽ പ്രണയത്തിന്റെ ഒരായിരം പൂത്തിരി കത്തിച്ചു.ഈ പൂച്ചക്കണ്ണുകളോടുള്ള തന്റെ അഗാധമായ സ്നേഹം എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നറിയാതെ അവൻ കുഴങ്ങി.
അനന്തുവിന്റെ പരുങ്ങൽ കണ്ട് ചുണ്ടിൽ പാഞ്ഞെത്തിയ ചിരി കടിച്ചു പിടിച്ചു വയ്ക്കാൻ അവൾ പാടുപെട്ടു.
എന്നാലും അവന്റെ മുൻപിൽ അവൾ പിടിച്ചു നിന്നു.
“അത് പിന്നെ ഞാൻ അരുണിമയെ കാണാൻ”
എങ്ങനൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു.
“താനെന്തിനാ എന്നെ കാണാൻ വരുന്നേ?”
അരുണിമ സംശയത്തോടെ അനന്തുവിനെ നോക്കി. അവന്റെ നീലമിഴികളിൽ പൊട്ടി വിടരുന്ന പ്രണയത്തിന്റെ ലാഞ്ഛന അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ആ കണ്ണുകളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ അവൾ തല താഴ്ത്തി.അവന്റെ ശ്രദ്ധ മാറ്റാൻ പെട്ടെന്ന് അരുണിമ ഇടപെട്ടു.
“ഞാൻ ചോദിച്ചത് കേട്ടില്ലേ, താനെന്തിനാ എന്നെ കാണാൻ വന്നേ?”
“അത് കൈക്ക് കുറവുണ്ടോന്ന് അറിയാനാ”
അനന്തു അവളുടെ കൈയ്ക്ക് നേരെ വിരൽ ചൂണ്ടി. അവന്റെ നോട്ടം കണ്ടതും അരുണിമ ഇമൊബിലൈസർ ഇട്ടിട്ടുള്ള തന്റെ കൈ ഒന്ന് നോക്കി നെടുവീർപ്പെട്ടു.
അതിനു ശേഷം ആ കൈ അനന്തുവിന്റെ മുഖത്തിനു നേരെ അവൾ ഉയർത്തി വച്ചു.
“ദാ കണ്ടില്ലേ? ”
“ആം കണ്ടു”
“എന്നാ ഇനി പൊക്കോ ”
അരുണിമ അവന് പോകേണ്ട വഴിയൊരുക്കി.അരുണിമയുടെ പ്രവൃത്തി കണ്ട് അനന്തു വിജ്രംഭിച്ചു നിൽക്കുകയായിരുന്നു.