സന്തോഷത്തോടെ എല്ലാം മറന്നു കൊണ്ട് ഓടി വന്നു അവന്റെ നെഞ്ചിലേക്ക് ചേക്കേറി.
തന്റെ പ്രിയനെ ചേർത്തു പിടിച്ചു കൊണ്ട് അവൾ ആ വിരിഞ്ഞ മാറിൽ പയ്യെ മുഖം പൂഴ്ത്തി വച്ചു.
ദേവൻ അവളെ ഇറുകെ പുണർന്നു കൊണ്ട് അവളുടെ ഈറൻ കാർ കൂന്തലിൽ നാസിക ചേർത്തുവച്ചു.
പല തരം കാട്ട് പൂക്കളുടെ ഗന്ധം അവൻ ആവോളം ശ്വസിച്ചു കൊണ്ടിരുന്നു. പയ്യെ മുഖം ഉയർത്തിയ അരുണിമ ദേവന്റെ മുഖം കണ്ട് മതി മറന്ന് നിന്നു പോയി.
ദേവൻ ഒരു ചിരിയോടെ അരുണിമയുടെ മുഖത്തിലൂടെ കയ്യോടിച്ചുകൊണ്ടിരുന്നു. ആ താഴുകലിന്റെ സുഖത്തിൽ അവൾ മതി മറന്നു നിന്നു.
അത് ദർശിച്ചതും ദേവൻ പ്രേമപരവേശത്തോടെ അവളുടെ നിറം ചാലിച്ച അധരങ്ങൾ നുണഞ്ഞെടുക്കുവാനുള്ള കൊതിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചു.
അത് കണ്ടതും ലജ്ജയോടെ അരുണിമയുടെ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു.
ദേവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ കവർന്നെടുക്കാൻ തൊട്ടരികിൽ എത്തിയതും എങ്ങു നിന്നോ പറന്നു വന്ന ഭീമാകാരനായ കരിവണ്ട് മൂളക്കത്തോടെ അവരുടെ അധര പാനത്തെ തടസ്സപ്പെടുത്തി.
ഇരുവർക്കും ചുറ്റും അത് ഒരു ഗ്രഹത്തെ പോലെ ഭ്രമണം ചെയ്തു ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
അരുണിമയുടെയും ദേവന്റെയും അധരങ്ങൾ ഒത്തു ചേരാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ ഒരു തടസ്സമെന്ന പോലെ മൂളിക്കൊണ്ട് ആ കരിവണ്ട് അവർക്ക് ചുറ്റും പറന്നു കൊണ്ടിരുന്നു.
പൊടുന്നനെ അവരുടെ വലത് വശത്തു നിന്നിരുന്ന പടു വൃക്ഷത്തിന്റെ വശത്ത് നിന്നും ഒരു അസ്ത്രം മിന്നൽ വേഗത്തിൽ വന്നു ആ കരിവണ്ടിന്റെ കുഞ്ഞിചിറകുകളെ ഈർച്ച വാൾ പോലെ വെട്ടിയരിഞ്ഞു.
ചിറകുകൾ നഷ്ട്ടപെട്ട ആ ശരീരം പിടച്ചിലോടെ മണ്ണിലേക്ക് അമർന്നു വീണു. അപ്പോഴും അതിന്റെ ചിറകുകൾ അന്തരീക്ഷത്തിലൂടെ താഴേക്ക് ഇല പൊഴിയും പോലെ വീണുകൊണ്ടിരുന്നു.
കരിവണ്ടിന് സംഭവിച്ച ദുരവസ്ഥ കണ്ട അരുണിമ ദേവനെ ചേർത്തു പിടിച്ചു കൊണ്ട് അസ്ത്രം വന്ന ഭാഗത്തേക്ക് കണ്ണുകൾ പായിച്ചു.
അപ്പൊ ഒരു വലിയ പടു വൃക്ഷത്തിന്റെ മറവിൽ നിന്നും പുലിത്തോൽ മേലങ്കിയായി അണിഞ്ഞ ആരോഗ്യ ദൃഢ ഗാത്രനായ ഒരു യുവാവ് ഒരു ഭുജത്തിൽ കുന്തവും മറു ഭുജത്തിൽ ധനുസ്സുമേന്തിക്കൊണ്ട് മുൻപിലുള്ള കാടിനെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നു.
നടത്തത്തിനിടയിൽ അയാൾ അവരെ ഒന്ന് തിരിഞ്ഞു നോക്കി.തുടർന്ന് മുഖം വെട്ടിച്ചു അയാൾ മുന്നിലേക്കുള്ള നടത്തം തുടർന്നു.
സൂര്യനെ പോലെ വെട്ടി തിളങ്ങുന്ന ആ മുഖം ദർശിച്ചതും അറിയാതെ അരുണിമയുടെ ചുണ്ടുകൾ മന്ത്രിച്ചു.
.
.
“അഥർവ്വൻ ”
.
.
.
അരുണിമ പെട്ടെന്ന് കണ്ണു തുറന്നു നോക്കി. മുന്പിലെ ഇരുട്ട് കണ്ടതും അവൾ ചാടിയെണീറ്റു.