ഇതിപ്പോ അവളെ കണ്ട ശേഷം രണ്ടാമത്തെ വീഴ്ച ആണല്ലോ എന്ന് ഓർത്ത് അവൻ ചിരിച്ചുകൊണ്ടിരുന്നു.
പൂച്ചകണ്ണിയെ കണ്ടു ഒറ്റയടിക്ക് വീണപോലെ വണ്ടി ഓടിക്കുമ്പോൾ പോലും വീണു പോകുന്ന അവസ്ഥയെ അവൻ സഹതാപത്തോടെ നോക്കി കണ്ടു.
ഈ പ്രേമം തലക്ക് പിടിച്ചാൽ കണ്ണു കാണില്ലെന്ന് പറയുന്നത് വെറുതെയല്ല എന്ന് അവന് മനസിലായി.ദേവൻ വീണ്ടും കഷ്ട്ടപെട്ടു വണ്ടിയോടിച്ചുകൊണ്ടിരുന്നു.
പിന്നെയും പലയിടത്തും വണ്ടി പാളിപ്പോയെങ്കിലും എവിടെയും വീഴാതെ ഭാഗ്യം കൊണ്ട് മാത്രം അവൻ രക്ഷപ്പെട്ടു.
ഒരു വലിയ ഇറക്കം ഇറങ്ങി വരുന്ന വഴി റോഡ് സൈഡിൽ നിന്നും ഒരു പെൺകുട്ടി അവന് നേരെ കൈ നീട്ടി.
ദേവൻ പതുക്കെ അവൾക്ക് സമീപം ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ആ പെൺകുട്ടി തലയിൽ വച്ചിരുന്ന വലിയ തൊപ്പി ഊരിയെടുത്ത ശേഷം മുന്നിലേക്ക് അഴിഞ്ഞു വീണ കാർകൂന്തൽ പതിയെ കോതിയൊതുക്കിക്കൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി.
നിമിഷ നേരത്തേക്ക് അവരുടെ കണ്ണുകൾ തമ്മിലുടഞ്ഞു. ആ പെൺകുട്ടിയുടെയും ദേവന്റെയും കണ്ണുകൾ വിടർന്നു വന്നു.
“ഹേയ് നിങ്ങളെ അന്ന് അമ്പലത്തിൽ വച്ചു കണ്ടതല്ലേ ഞാൻ.. ”
ദേവൻ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.
“വൗ ഇട്സ് കൂൾ.. കൂടുതൽ പരിചയപ്പെടാൻ പറ്റിയില്ല അന്ന്.. ബൈ ദി വേ മൈ നെയിം ഈസ് മുത്തുമണി ”
ആ പെൺകുട്ടി അവന് നേരെ കൈ നീട്ടി.
അമ്പലത്തിൽ വച്ചു കൂട്ടിയിടിച്ച കല്യാണിയുടെ അപരയായ പെൺകുട്ടി പച്ചക്ക് തന്റെ മുൻപിൽ വന്നു നിക്കുന്നതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവൻ.
മോഡേൺ ചുരിദാർ അണിഞ്ഞു തലയിൽ കൂളിംഗ് ഗ്ലാസ് പിടിപ്പിച്ച എണ്ണ മയമില്ലാത്ത മുടിയും നിറം ചാർത്തിയ അധരങ്ങളും വായിൽ നിന്നും വരുന്ന ഇംഗ്ലീഷും മാറ്റി വച്ചു നോക്കിയാൽ ഇത് അസ്സൽ കല്യാണി തന്നെയെന്ന് ആരും പറഞ്ഞു പോകുമെന്ന് അതിശയത്തോടെ അവൻ ഓർത്തുകൊണ്ടിരുന്നു.
ദേവനു അന്ന് അമ്പലത്തിൽ വച്ചു കണ്ടു മുട്ടിയ നിമിഷങ്ങളായിരുന്നു കണ്ണിനു ചുറ്റും ഓടി കൊണ്ടിരുന്നത്.
ഇതിപ്പോ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാത്ത അവസ്ഥ ആണല്ലോ എന്നോർത്ത് ദേവന്റെ തല ചുട്ടു പഴുത്തു.
അവളുടെ പൂച്ചക്കണ്ണുകളിലേക്ക് തന്നെ അവൻ നോക്കികൊണ്ടിരുന്നു.ദേവന്റെ മുഖത്തു മാറി മറിയുന്ന ഭാവങ്ങൾ കണ്ടു തന്നെ അയാൾക്ക് മുന്പരിചയമുള്ള പോലെയാണെന്ന് മുത്തുമണിക്ക് തോന്നി പോയി.
അവൾ വീണ്ടും അവന് നേരെ കൈ നീട്ടി കാണിച്ചു. സ്വബോധത്തിലേക്ക് വന്ന ദേവൻ ചമ്മലോടെ അവളുടെ ഉള്ളം കയ്യിലേക്ക് ചേർത്തു പിടിച്ചു.
“ദേവൻ… അല്ലേ ? ”
“അതേ ദേവൻ ”
“ഹ്മ്മ് ഐ റെമെമ്പർ.. എന്നാലും ഇങ്ങനെ ഒരു പെണ്ണിനെ വായി നോക്കല്ലേ കേട്ടോ.. വായിൽ ഈച്ച കേറും ”
കുസൃതി ചിരിയോടെ മുത്തുമണി പറഞ്ഞു.
ദേവൻ വായ് അടച്ചു പിടിച്ചു ചമ്മലോടെ അവളെ നോക്കി. മുത്തുമണി ചിരിയടക്കാൻ പാടു പെട്ടു കൊണ്ട് അവനോട് ചോദിച്ചു.