പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

അകാലത്തിൽ അടഞ്ഞ മറ്റൊരു കാണ്ഠമായി അത് മാറി . നഗരജീവിതം എങ്കിലും സമാധാനപൂർണ്ണമായ നല്ലൊരു ബോംബെവാസം നയിച്ച് മുന്നോട്ടുപോയ അഭി . അവൻറെ ജീവിതത്തിൽ ആശങ്കാകുലരായ അവൻറെ സ്വന്തം വീട്ടുകാരുടെ ആകുലതകൾ, പതിങ്ങനെ അശാന്തിയുടെ കരിനിഴൽ പാകി പ്രകോപനങ്ങളുടെ മുൻമുനയിൽ കൊണ്ടെത്തിച്ചു . അനിവാര്യതയുടെ കോട്ടകൊത്തളങ്ങൾ പ്രതിഷേധവും പ്രതിരോധവും തീർത്തു തകർത്തെറിയാൻ …അഭി അനവരതം കിടഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു .എങ്കിലും , ഒരു വശത്തു പെറ്റമ്മയുടെ ദീനരോദനത്തിലുള്ള കേണപേക്ഷകൾ . മറുവശത്തു പ്രകോപനങ്ങളുമായി അച്ഛൻ മിനഞ്ഞുകൊണ്ടിരുന്ന ഉരുക്കുബലമുള്ള ഭീഷണിസ്വരപഞ്ജരങ്ങൾ. നടുവിൽ …അളിയൻ സോദരി എന്നിവരുടെ മധ്യസ്‌ഥതയിൽ ഒതുങ്ങിനിന്നുള്ള അനുരഞ്ജന സ്നേഹ ഉപദേശങ്ങൾ !. എല്ലാംകൂടി ഒരുമിച്ചു ഒരേ ലാക്കിനു നേർക്കുനേർ വന്നപ്പോൾ , പിടുത്തം കിട്ടാതെ, ചെറുത്തു നിൽക്കാൻ ആവാതെ അഭി , തീർത്തും നിലംപരിശായിപ്പോയി എന്നതായിരുന്നു സത്യം !.ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശ്രീക്കുട്ടിയുടെ അതിക്രമിക്കുന്ന കെട്ടുപ്രായത്തെ സമാന പ്രായത്തിലുള്ള പെൺകുട്ടികളുടെ വിവാഹങ്ങളുമായി ചേർത്തുവച്ചു ഉത്കണ്ഠയോടെ അവളുടെ അച്ഛൻ വക മറ്റൊരു വിസ്തരിച്ചുള്ള കത്ത് !. പിറകെ ,അതുകൂടി വന്നുചേർന്നപ്പോൾ …എല്ലാമായി . താൻ ഭയന്ന അത്യാഹിതവും ഭീഷണിയും പൂർണ്ണാവസ്‌ഥയിൽ എത്തിച്ചേർന്നത് അവൻ തിരിച്ചറിഞ്ഞു . ആ വിധം അച്ഛനമ്മമാരുടെ ഉഗ്രശാസനകൾക്കും ,അമ്മാവൻറെയും അമ്മായിയുടെയും സമാധാനമില്ലാത്ത വിങ്ങിപ്പൊട്ടലുകൾക്കും നേരിട്ടൊരു വിശദീകരണം കൊടുക്കാൻ ഇനിയും അമാന്തിച്ചുകൂടാ എന്ന് അഭിക്ക് തോന്നി . അങ്ങനെ , ഇനിയും യാത്ര ഉപാധികൾവച്ചു നീട്ടികൊണ്ട് പോകാതെ..കാലങ്ങളായി നീട്ടിവയ്ക്കപ്പെട്ട കുടുംബ സന്ദർശനത്തിനായി നാട്ടിലേക്ക് തിരിക്കാൻ അവൻ തീർച്ചയാക്കി . ആ വരവ് കുടുംബക്കാർക്കും ബന്ധുജനങ്ങൾക്കും എല്ലാം സമാധാനപൂർണ്ണവും, ഉത്സവസമാനവും ആയിരുന്നു . പഠനം പൂർത്തിയാക്കി വിശ്രമിക്കുന്ന ശ്രീമോളുമായി അഭിയുടെ മംഗലം എത്രയും പെട്ടെന്ന് നടപ്പിലാക്കാം എന്നവർ ഏകമനസ്സോടെ ഉറപ്പിച്ചു .

നാട്ടിലേക്കൊരു മടക്കയാത്ര!. വാസ്തവത്തിൽ , അഭി ഒരിക്കലും ആഗ്രഹിച്ചതേ ആയിരുന്നില്ല അത് . ബോംബെ നഗരജീവിതവുമായി അത്രയേറെ ഇഴുകിച്ചേർന്നത് ഒന്നുമായിരുന്നില്ല കാരണം .തൻറെ ജീവിതം തന്നെ തകർത്തു , നിഷ്കരുണം തന്നെ പുറംതള്ളി എന്നെന്നേക്കുമായി നിഷ്കാസനം ചെയ്‌ത തൻറെ ജന്മനാടിനെ മടുത്തു , വെറുപ്പുപിടിച്ചാണ് കാലങ്ങൾക്ക് മുന്നേ താനിങ്ങോട്ടേക്ക് വണ്ടികയറിയതു തന്നെ. ആ അങ്ങോട്ടേക്ക് വീണ്ടും!…ഒരു തിരിച്ചുപോക്ക്. തെല്ലും ആശിക്കാതെ , ബോംബെ നഗരത്തിൻറെ അഴുക്കുചാലുകളിൽ എവിടെങ്കിലും വീണ് ഒടുങ്ങി അവസാനിക്കട്ടെ തൻറെ പാപജന്മം!. എന്നായിരുന്നു നാടുവിടേണ്ടിവന്നപ്പോഴേ അഭി ചിന്തിച്ചെടുത്തിരുന്ന തീരുമാനം . എന്നിരുന്നാലും …അച്ഛൻ , ‘അമ്മ , സഹോദരി തുടങ്ങിയ അറുത്തു മുറിച്ചു കളയാൻ കഴിയാത്ത കുടുംബ ബന്ധങ്ങളിലെ കെട്ടുപാടുകൾ!… അവൻറെ സംഘര്ഷമാർന്ന മനസ്സിനെ ഒട്ടൊന്ന് പാകപ്പെടുത്തി എന്നതായിരുന്നു ശരി .

Leave a Reply

Your email address will not be published. Required fields are marked *