പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

ശ്രീമോൾ നാട്ടുകാര്യവും വീട്ടുകാര്യവും കോളേജ് വിശേഷങ്ങളും എന്നുവേണ്ട , സകല തുമ്പുംതുരുമ്പും മുള്ളും മുരുക്കും വരെ വിശദമാക്കിത്തന്നെ, ഓരോ കത്തും വളരെ വിശാലമായി എഴുതി അയക്കുമായിരുന്നു . നാട്ടുകാര്യങ്ങളറിയാൻ …തനിക്ക് വലിയ താത്പര്യങ്ങളില്ലെന്ന് ആദ്യമേകൂട്ടി അവളെ അറിയിച്ചു വിലക്കിയിരുന്നത് കാരണം പിന്നത് അവൾ ഒഴിവാക്കി .പകരം തൻറെ കലാലയ വിശേഷങ്ങളും , കൂട്ടുകാരുടെ കുശുമ്പും കുന്നായ്‌മകളും തർക്കവും പിണക്കങ്ങളും ഒക്കെ നിരത്തി എഴുതി…ഒരു ”കുറുമ്പിപെണ്ണിൻറെ ”കുസൃതികളോടെ കറതീർത്തു എല്ലാം സമഗ്രമായി വരച്ചുകാട്ടി തരും . അഭിക്ക് അത് വായിക്കാൻ ഒരു പ്രത്യേക രസം തന്നെ ആയിരുന്നു നല്ലൊരു നേരംപോക്ക് !. കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത അവളുടെ ഓരോരോ വരികളും വിവരണങ്ങളും വളരെയേറെ നിർദ്ദോഷസത്യങ്ങളും ചാപല്യങ്ങളും വിളിച്ചോതുന്നതായിരുന്നു . ‘ശ്രീ ‘യിലെ നിഷ്‌കളങ്കതയുടെ പര്യായമായികണ്ട അവ ഓരോന്നും അത്രക്ക് ആവേശത്തോടെ, സൂക്ഷ്മതയിൽ വായിച്ചവൻ ആസ്വദിക്കുമായിരുന്നു .എന്നാൽ , കത്തെഴുത്തിൽ അറുപിശുക്കൻ ആയിരുന്ന അഭി , മറുപടിയിൽ മറ്റെല്ലാവർക്കും എന്നപോലെ ശ്രീമോൾക്കും അത്യാവശ്യവിവരങ്ങൾ മാത്രമേ കുറിക്കുവാൻ ശ്രമിച്ചിരുന്നുള്ളൂ . പക്ഷെ തിരിച്ചവൾ എപ്പോഴും …നല്ലൊരു കഥ എഴുത്തുകാരനായ ഏട്ടൻ ഒന്നുകിൽ ഈയുള്ളവൾക്ക് ഇടക്ക് ചില കഥകളൊക്ക എഴുതിയയച്ചു തരിക!. അല്ലെങ്കിൽ ഈ പാവത്തിന് മറുപടി എഴുതുമ്പോൾ ..കുറഞ്ഞപക്ഷം എന്തെങ്കിലും നന്നായി രണ്ടുവരി വിശദമായി നീട്ടിയെഴുതി അയച്ചു തന്നുകൂടെ ?. അവളുടെ ചോദ്യം ലളിതമായിരുന്നു …ന്യായവും . അഭിമാനത്തോടെ ആണെങ്കിലും വളരെ നിസ്സാരമായി എടുത്ത് അതവൻ ചിരിച്ചുതള്ളി . എന്നിരുന്നാലും …അഭിക്കുള്ളിൽ കെട്ടടങ്ങാതെനിന്ന കഥാകാരൻറെ ‘തീപ്പൊരി ‘ അവൻറെ അന്തരാളങ്ങളിൽ എപ്പോഴും ഒരു ജ്വാലയായി ജ്വലിച്ചുയുയർന്നു നിന്നിരുന്നു . അതോടെ അത് മുഷിവ് തോന്നുന്ന ഇടവേള സമയങ്ങളിൽ ഒരു കുത്തിക്കുറിക്കലായി അവൻറെ കടലാസിടങ്ങളിൽ സ്‌ഥാനം പിടിച്ചു . തുടക്കസമയങ്ങളിൽ ചേച്ചിക്കൊപ്പം കുടുംബമായി അവധി ദിനങ്ങളിൽ പുറത്തു പോകുന്നൊരു ശീലം അവൻ പുലർത്തിയിരുന്നു . എങ്കിലും ആ നാടുമായവൻ കൂടുതൽ അടുത്തശേഷം ഏകനായോ അല്ലെങ്കിൽ മറ്റേതെങ്കിലും സുഹൃത്തുക്കളുമായി അവധിദിന സായാഹ്നങ്ങളിൽ പുറത്തു പോകുന്നൊരു പതിവ് സ്‌ഥിരം അല്ലെങ്കിലും വല്ലപ്പോഴും അവനുണ്ടായിരുന്നു. അങ്ങനെ , അഭിയുടെ ദിനചര്യകളും അവധിസമയങ്ങളും…ബോംബെവാസ ജീവിതത്തിൽ , ഓർമകളെ മാടിവിളിക്കുന്ന വിരസത അനുഭവിപ്പിക്കാതെ അവനെ അത്യാവശ്യ തിക്കുംതിരക്കും എഴുത്തും വായനയും ഇടക്ക് വന്നുചേരുന്ന ആകസ്മിക പ്രശ്നങ്ങളും ഒക്കെയായി സജീവമാക്കി , ത്വരിതഗതിയിൽ കാലവിളംബം ചെയ്‌തു മുന്നോട്ടു കുതിപ്പിച്ചു .

മണിക്കൂറുകൾ ദിവസങ്ങളെ കൂട്ടിയിണക്കി ആഴ്ചയാക്കി .ആഴ്ചകൾ മാസങ്ങൾക്ക് ജന്മം കൊടുക്കാൻ അധികസമയം എടുത്തില്ല…. അതുപോലെ മാസങ്ങൾ വർഷമാവാനും വലിയ കാത്തിരുപ്പുകൾ വേണ്ടിവന്നില്ല !. മാസവും വർഷവും ഒരുപോലെ പന്തയക്കുതിരകളായി കടന്നുപോയി .

Leave a Reply

Your email address will not be published. Required fields are marked *