പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

ചുറ്റിത്തിരിഞ്ഞു വീട്ടിൽ വന്നുകയറുമ്പോൾ രാവേറെ ഇരുട്ടിയിരുന്നു . അച്ഛനടുക്കൽ , അമ്മാവനോട് അടുത്ത ദിവസം സംസാരിക്കാം എന്ന് ഉറപ്പുകൊടുത്തു ഭക്ഷണം കഴിക്കുവാൻ കിടന്നു . മനസ്സിൽ നിറയെ ഉഷ്‌ണമേഘങ്ങൾ നിറഞ്ഞുനിന്നിരുന്നു. അവ ഇരുളുപടർത്തി, കാറും കോളും കൊണ്ട് എപ്പോൾ പെയ്യുമെന്നറിയാതെ വിങ്ങിപ്പൊട്ടി നിന്നു . നിദ്രാവിഹീനമായ ഒരു മകരമാസ രാവ് കൂടി…. അങ്ങനെ അഭിയുടെ ജീവിതത്തിൽ നിന്ന് അടർന്ന് കൊഴിഞ്ഞു വീണു, ഒരു ക്രിസ്തുമസ്സ്കാല രാവ് ! .

പിറ്റേദിവസം!…എങ്ങനെയോ ഇരുട്ടി വെളുപ്പിച്ചു, സമയം തികച്ചു… പകൽ ഏതാണ്ട് പത്തുമണി കഴിഞ്ഞ നേരം അലീനയെ അന്വേഷിച്ചു അഭി അവളുടെ പ്ളേസ്കൂളിൻറെ മുന്നിൽ എത്തിച്ചേർന്നു. കുഞ്ഞുങ്ങളുമായി , കളിച്ചുചിരിച്ചു അവൾ ക്ലാസ്സിനു പുറത്തു ഗാർഡനിൽതന്നെ നിൽപ്പുണ്ടായിരുന്നു . അവനെ കണ്ട ക്ഷണത്തിൽ കുട്ടികളെ മറ്റൊരു അധ്യാപികയെ ഏൽപ്പിച്ചു അവനരികിലേക്കവൾ നടന്നുവന്നു . ആ സമയത്തിനുള്ളിൽ…മുന്നേക്ക് നടന്ന് , അലീന വകയായുള്ള ആ കൊച്ചു വിദ്യാലയം അഭിജിത് മൊത്തത്തിലൊന്ന് വീക്ഷിച്ചു .

അത്യാവശ്യം സുഖസൗകര്യങ്ങളുള്ള , അത്യാഢംബരത്തിൻറെ ധാരാളിത്തം ഒന്നുമില്ലാത്ത, കാഴ്ചയിൽ നല്ല ശോഭ തോന്നുന്നൊരു കുഞ്ഞുസ്‌കൂൾ !. സ്‌കൂൾ മുറികളും ഓഫിസുമൊക്കെ ഓലയും പുല്ലും കൊണ്ടുമേഞ്ഞ , സുഖകരമായ കാറ്റും വെളിച്ചവുമൊക്കെ കടന്നുകയറി…കുഞ്ഞുങ്ങളിൽ ഉണർവ്വും ഉന്മേഷവും കുളിർമയും പകരും വിധമുള്ള സജ്ജീകരണങ്ങൾ . നയനസുഭഗങ്ങളായ നിറങ്ങൾ ചായംപൂശിയ, തെങ്ങിൻതടിയും ഈറയും ഇഴകൾ പാകി തീർത്ത, വൃത്തിയുള്ള വിദ്യാലയ മുറികൾ. പുറത്താണെങ്കിൽ , വർണ്ണമനോഹരങ്ങളായ ചെടികൾ നിറയെ പൂത്തുവിടർന്നു…പരിമളം പൂശി , അലങ്കരിച്ചു കുടപിടിച്ചു നിൽക്കുന്ന വല്യ ഉദ്യാനങ്ങൾ !. ഒപ്പം , കുഞ്ഞുങ്ങൾക്ക് ഒത്തിരുന്നു കളിക്കാനും …കഥപറയാനും പാട്ടുപാടി ഉറങ്ങാനും വിശ്രമം ഒരുക്കുന്ന നിഴൽപടർപ്പുകൾ നിറഞ്ഞ ചെറുതും വലുതുമായ തണൽവൃക്ഷങ്ങൾ…മരത്തടി ബെഞ്ചുകൾ .സർവ്വവും കൂടി, ഒരു ആശ്രമം പോലെ പരിശുദ്ധവും , ശാന്തസുന്ദരവും.എന്നാൽ , ഒപ്പം നിലവാരമാർന്ന ഒരു വിദ്യാലയത്തിൻറെ എല്ലാ സുരക്ഷിതത്വവും വിഭാവനം ചെയ്യുന്ന…പ്രകൃതി രമണീയതയാൽ സമൃദ്ധമാർന്ന ഒരു കളിസ്‌കൂളും പരിസരവും . ഒരൊറ്റ അവലോകനത്തിൽ അഭിക്ക് ആ വിദ്യാലയവും ചുറ്റുപാടും ഹഠാതാകർഷിച്ചു. അത് ചുറ്റിനടന്ന് കണ്ട് ആസ്വദിച്ചു നിൽക്കെ ,അലീന ചുവടുവച്ചു വിദ്യാലയ കെട്ടിടത്തിന് പിറകുവശത്തു അഭിക്കരികിലേക്ക് …വന്നെത്തി . ചെറു തണൽവൃക്ഷക്കീഴിലെ കളിയൂഞ്ഞാലും , സീസ്സാസ്സും, മേരിഗോറൗണ്ടും, സ്ലൈഡിചാനൽസും ഒക്കെച്ചേർന്ന കുട്ടികളിയിടം . അവിടെ കുളിർകാറ്റ് മേവുന്ന ഫലവൃക്ഷ ചുവട്ടിലെ വിശാല തണുപ്പടർപ്പിൽ, നനുത്ത സുഖം പേറി അവർ മുഖത്തോട് മുഖം നോക്കി നിന്നു .

ആ മുഖത്ത് , ആ പഴയ അലീനയെ വല്ലാതെ അന്വേഷിച്ചവൻ മിഴികൾ പായിച്ചു . എങ്ങോ മറന്ന ആ പഴയ വദനം അവനു തിരികെ ലഭിക്കുന്നില്ല . എങ്കിലും തലേന്ന് പള്ളിയിൽ വച്ച് കണ്ടതിനേക്കാൾ എന്തുകൊണ്ടോ കുറേക്കൂടി ഊർജ്ജ്വസ്വല ആയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *