പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Posted by

അലിഖിത പ്രകൃതിനിയമം പോലെ കാലം അതിൻറെ ഭ്രമണചക്രം സ്വാഭാവികപഥത്തിൽ തിരിഞ്ഞു….നൈസർഗ്ഗീയതയോടെ മുന്നേറുമ്പോൾ , പ്രാപഞ്ചികമായ ആ നിയമം മനഃപൂർവ്വമോ അല്ലാതെയോ പിന്തുടർന്ന് അഭിയുടെ വീട്ടുകാർ എല്ലാവരിലും അത് ഒരു പ്രധാന വസ്തുതയിൽ ഒന്നായി കൊണ്ടെത്തിച്ചു . മറ്റൊന്നുമല്ല , ആരും ഓർക്കാതിരിക്കുകയോ മനപ്പൂർവ്വം മറന്നുകളയുകയോ ചെയ്ത ഒരു വ്യക്തിയെകുറിച്ചുള്ള തീഷ്ണമായ….അണയാത്ത ഓർമ്മകൾ!.അലീന എന്ന സ്വത്വബോധത്തിൻറെ അപ്രസക്തമായ ഓർമ്മകൾ . ആരുടേയും സ്മൃതിപഥങ്ങളിൽ ‘ഒരു കുഞ്ഞോളം ‘പോലുമാവാതെ , മൺമറഞ്ഞ കൊടിയ അദ്ധ്യായം !. എല്ലാവരിലും എന്നപോലെ അഭിയിലും കാലഗതിയിൽ ഒരു അടഞ്ഞ അദ്ധ്യായം മാത്രമായി അത് മങ്ങി ,മയങ്ങി അവസാനിച്ചു . അനിവാര്യമായ ‘യുഗപ്രവാഹ ‘മറവിയുടെ അവൻ കൈകൊണ്ട ,ഉപേക്ഷ കണ്ടറിഞ്ഞു മറ്റെല്ലാവരും അതിരറ്റ് ആഹ്ളാദിക്കുമ്പോഴും അഭി അറിഞ്ഞില്ല , വ്യതിചലനങ്ങളിലൂടെ താൻ അറിയാതെ താൻ മറ്റൊരു ‘പുതു ‘ജീവിതത്തിലേക്ക് കാലുകുത്തുകയാണ് എന്നത് . കാലം എന്ന ഇന്ദ്രജാലക്കാരൻ അങ്ങനവനെ, മറക്കേണ്ടതെല്ലാം മറവിയുടെ മാറാപ്പിൽ ഒളിപ്പിച്ചു …മാറ്റംകൊണ്ട് മായാജാലങ്ങൾ തീർത്തു , നൂതനപ്രപഞ്ച മാസ്മരികതകളിലേക്ക് അറിയാതെ നടത്തിച്ചു . അപ്പോഴും , അലീനയുടെ ശൂന്യത സൃഷ്‌ടിച്ച ‘പഴുതൊഴിവ് ‘ കാണാമറയത്തു ‘കരമൊഴിഞ്ഞു’ അപ്രാപ്യമായി കിടക്കുകയായിരുന്നു. അവിടെ പെങ്ങളുടെ കൂട്ടുപിടിച്ചു അച്ഛനും അമ്മയും രക്ഷാവാഹകരായി മെല്ലെ നുഴഞ്ഞുകയറി. ”സുരക്ഷിതഭാവി ”യുടെ ‘പൊൻപേരു’ പറഞ്ഞു ഓരോരുത്തരായി അവനെ നാനാവിധം ”മഹത്തര ”വിവാഹ ആലോചനകൾ കൊണ്ട് പൊതിയാൻ തുടങ്ങി . ആദ്യം, പലതരം ‘ഒഴിവ്കഴിവ് ‘കളിലൂടെയും പിന്നെ , ശക്തമായ താക്കീതോടുള്ള ഉറച്ച തീരുമാന അറിയിപ്പുകളിലൂടെയും ഉൾവലിഞ്ഞു എല്ലാ രക്ഷാദൂതരിൽ നിന്നും വേണ്ടുന്നഅകലംപാലിക്കാൻ അഭി പരിശീലനം ആർജിച്ചു . അവിടെയാണ് അച്ചന്റെയും അമ്മേടേയും കത്തുകൾക്ക് അഭിയുടെ മറുപടി കത്തുകൾ കൃത്യമായി എത്തിച്ചേരാതിരിക്കുന്നതും, അവർ തിരിച്ചു മറുപടി എഴുതാതിരിക്കയും ചെയ്യുന്ന സാഹചര്യം ഉടലെടുക്കുന്നത് . പെങ്ങളും അവർക്കൊപ്പം ‘ഏറാൻമൂളി’തുടങ്ങിയപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞാണെങ്കിലും ആ വീട്ടിൽനിന്നും താമസം മാറുവാൻ സ്വമനസ്സോടെ അല്ലെങ്കിലും അഭി നിർബന്ധിതനായി .

കുഴപ്പമില്ലാത്ത രീതിയിലുള്ള ‘ശമ്പള-ആനുകൂല്യ ‘ങ്ങളും, ഉറച്ച സാമ്പത്തിക അടിത്തറയും അനായാസേന അഭി ഇതിനകം കൈവരിച്ചിരുന്നതിനാൽ …ഒറ്റക്കൊരു ‘ഫ്‌ളാറ്റ് വാസം ‘അവനെ സംബന്ധിച്ച് താങ്ങാൻ കഴിയുന്നത് തന്നായിരുന്നു . എങ്കിലും കൂടെ ജോലിചെയ്യുന്ന രണ്ട് മൂന്ന് സഹപ്രവർത്തക-സുഹൃത്തുക്കളെ ഒപ്പം കൂട്ടി ,തീർത്തും സ്വതന്ത്രവും സമാധാനപൂർണ്ണവുമായ ഒരു ജീവിത സാഹചര്യത്തിലേക്കവൻ കുടിയേറി .ചേച്ചിക്കൊപ്പം പലപ്പോഴും, പാചകസഹായത്തിന് കൂടെക്കൂടി…. അത്യാവശ്യം ‘പാചകക്കസർത്തുകൾ’ കൈമുതലാക്കിയിരുന്നത് അവനാ പുതുജീവനത്തിന് വളമായി . തൊഴിലിടത്തിൽ അടുപ്പവും സൗഹൃദങ്ങളും കൂടിയപ്പോൾ വീട്ടുകാരുമായി ‘പടലപ്പിണക്കങ്ങൾ ‘പതിവായി!. പതിയെ വഴക്കുംവക്കാണങ്ങളും മൂർച്ഛിച്ചു .എങ്കിലും ശ്രീക്കുട്ടിയുടെ കത്തുകൾക്ക് മാത്രം മുടക്കമൊന്നും സംഭവിച്ചില്ല .വിശേഷ വാർത്തകളും വാർത്താ വിശേഷണങ്ങളുമായി…കാലരഥത്തിനൊപ്പം അനസ്യൂത പ്രവാഹമായി അത് തുടർന്നുകൊണ്ടേയിരുന്നു . എപ്പോഴും എന്നപോലെ അഭിക്ക് അപ്പോഴും അവളിൽ ഒരിക്കലും കെടാത്ത അനിർവചനീയ നിലയിലുള്ള സഹോദരീസനേഹം തെളിഞ്ഞു നിറഞ്ഞു നിന്നിരുന്നു. ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യവും കരുതലും പെരുമാറ്റങ്ങളിൽ എന്നപോലെ അവൻറെ കത്തിലെ ഓരോ വരികളിലും തുടിച്ചു നിന്നിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *