മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

കേശവാ. ചായ കുടിച്ചിട്ട് പോയാ മതി. ഞാനിന്ന് ദേവൂനെക്കണ്ടാരുന്നു! മോൻ വല്ല്യ പരാക്രമിയാണെന്നപ്പഴല്ല്യോ മനസ്സിലായത്! മേരി ചിരിച്ചുകൊണ്ട് വെളിയിലേക്കു വന്നു.

സത്യം പറഞ്ഞാൽ ചേച്ചീടെ കൈകൊണ്ടിടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചിയാണ്. കേശവനുള്ളിലേക്ക് കയറി. അമ്മയോട് പറഞ്ഞേക്കല്ലേ!

അയ്യട! എന്തൊരു സോപ്പിടൽ! അമ്മേ പോവാൻ നേരം സ്വന്തം കഴുത്തേല് തലയൊണ്ടോന്ന് നോക്കണേ! സാറ തലനീട്ടി.

എടാ മോനേ. മേരിയവന്റെയടുത്തിരുന്നു. ദേവൂന് നല്ല വിഷമമൊണ്ടടാ. നീ മാത്രേ അവക്കൊള്ളൂ. നാരായണൻ ലോക്കപ്പീക്കെടന്നാന്ന് അവളു പറഞ്ഞു. കേട്ടു നിന്ന സാറ ഒന്നു ഞെട്ടി.

ചേച്ചീ. അമ്മയൊരു സഖാവിന്റെ ഭാര്യയാണ്. എന്റെ വഴിയമ്മയ്ക്കറിയാം. ഐം ആം ലിവിങ് ഡേഞ്ചറസ്ലി. അതെനിക്കുമറിയാം. ഈ പ്രായത്തിലേ പറ്റൂ. ഞാനതെന്നേ തെരഞ്ഞെടുത്തതാണ്. നല്ല ചായ. അവൻ ചായ മൊത്തിക്കൊണ്ടു പറഞ്ഞു.

അവൻ പോയിക്കഴിഞ്ഞ് മേരിയൊരു ദീർഘശ്വാസം വിട്ടു. എന്തു നല്ല ചെറുക്കനാണ്! അവനിങ്ങനേം.

എങ്കിലമ്മയങ്ങു കെട്ടിക്കോന്നേ. സാറ വന്നു മേരീടെ കഴുത്തിൽ തൂങ്ങി.

ഒറ്റയടിവെച്ചുതരും. വന്നുവന്ന് പെണ്ണിനെന്തും പറയാന്നായി. മേരി മോളുടെ ചെവിക്കു പിടിച്ചു കിഴുക്കി.

തിരിഞ്ഞ സാറയുടെ കയ്യിൽ മേരി പിടിച്ചു. നീയൊന്നു നിന്നേടീ.

കർത്താവേ പണിയായി. സാറ മേരി കാണാതെ കുരിശുവരച്ചു.

നീയിവിടെയിരുന്നേടീ. മേരി സാറയെ സൂക്ഷിച്ചു നോക്കി. അവളിരുന്നു  ഞെളിപിരികൊണ്ടു.

മുഖത്തു നോക്കടീ. മേരി ചിരിയമർത്തി.

എന്താമ്മേ? സാറ ചളിച്ച മോന്ത അമ്മയുടെ നേർക്കു തിരിച്ചു.

നീയെന്തിനാടീ കേശവന്റെ കൂടെ വന്നേ?

അത് ഞാൻ കോളേജിൽ… ഷെർലി പോയപ്പോ… ആരും കൂട്ടിനില്ലാതെ…അപ്പോ കേശവേട്ടൻ… അവളിരുന്നു വിക്കി.ഇരുനിറമാണെങ്കിലും മോൾടെ മുഖം തുടുത്തത് മേരിയറിഞ്ഞു.

ഞാൻ ഷേർലീടെ വീട്ടില് വിളിച്ചപ്പോ അവളോട് പൊക്കോളാൻ നീ പറഞ്ഞൂന്നാണല്ലോടീ ഞാനറിഞ്ഞത്. മേരി സ്വരം കടുപ്പിച്ചു.

അത്..അമ്മേ… സാറയിരുന്നു വിക്കി. ഞാൻ…

മോളേ നീയിങ്ങു വന്നേ. മേരിയവളേം വലിച്ച് വരാന്തയിലേക്ക് ചെന്നു. മാത്യൂസാറു മുഖമുയർത്തി.

Leave a Reply

Your email address will not be published. Required fields are marked *