മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

ഇപ്പോ വേദനയുണ്ടോടാ കള്ളസഖാവേ! പൂത്തിരി കത്തിച്ച ഭംഗിയുള്ള അവളുടെ പുഞ്ചിരിയിൽ കേശവനലിഞ്ഞുപോയി.

ഇല്ലെടീ പെണ്ണേ! നിനക്കെണീക്കാമോടീ? വർഷങ്ങൾ കൊഴിഞ്ഞുപോയി. മരങ്ങളുടെ പിന്നിൽ ഒളിഞ്ഞിരുന്ന ബെഞ്ചിൽ നിന്നും അവരെണീറ്റു. മെല്ലെ ഒന്നുമധികം സംസാരിക്കാതെതന്നെ വാചാലമായ ആ ചെറിയ തണുപ്പുള്ള രാവിലെ ലിസിയും പുതിയ കൂട്ടുകാരുമൊപ്പം ഇരുന്ന പാർക്കിലേക്ക് കേശവൻ സാറയെ കൂട്ടിക്കൊണ്ടുപോയി.

 ചായയും കുടിച്ചുകൊണ്ട് പഴയ കാമുകർ കാലം രൂപങ്ങളിൽ വരഞ്ഞിട്ട രേഖകളിലൂടെ ഇത്തിരി സങ്കടം കലർന്ന കൗതുകത്തോടെ കടന്നുപോയി. തങ്ങളുടെ ജീവിതത്തിൽ വിടപറഞ്ഞതിൽപ്പിന്നെ നടന്ന കാര്യങ്ങൾ അവർ തല്ക്കാലം ഓർക്കാനോ കൈമാറാനോ ഉള്ളൊരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.

കേശവേട്ടന്റെ താടിയിത്തിരി നരച്ചു. അധികമില്ലാട്ടോ. പിന്നെ ചെന്നിയിലിത്തിരി നര. മുഖം കുറച്ചൂടെ നീണ്ടു. മെലിഞ്ഞു… വേറെ മാറ്റമൊന്നുമില്ല.  എത്ര പിള്ളേരായി? കല്ല്യാണം കഴിച്ചോ എന്ന് പഴയ പ്രിയതമയുടെ വളച്ചുകെട്ടിയ ചോദ്യം!

ഒറ്റത്തടിയാണ് സാറ. കേശവൻ പറഞ്ഞു. പെട്ടെന്നുള്ളിൽ നുരഞ്ഞ സന്തോഷം സാറ വെളിയിൽ കാട്ടിയില്ല. ധാരാളം പെണ്ണുങ്ങൾ പുറകേ കാണുമല്ലേ! കേശവന്റെ കൈത്തണ്ടയിൽ ഒരു കുത്തിന്റെയൊപ്പം ഒരു വിചാരണ!

കേശവനൊന്നും മിണ്ടാതെ അവളുടെ വിരലുകൾ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ലിസി, മോളാണല്ലേ! അവളുടെ പുലർവെട്ടത്തിൽ തിളങ്ങിയ മുഖത്തേക്ക് നോക്കി കേശവൻ ചോദിച്ചു.

എങ്ങിനെ മനസ്സിലായി കേശവേട്ടാ? അവൾ മുന്നോട്ടാഞ്ഞു.

അത്…അവളെ മൂന്നാലുവട്ടം കണ്ടപ്പോൾ.. അവളുടെ കുസൃതിയും.. പിന്നെ പെരുമാറ്റവും പ്രസരിപ്പും ഒക്കെ ഒരു പഴയ കൂട്ടുകാരിയെ, അല്ല എന്റെ എല്ലാമായിരുന്ന ഒരു വഴക്കാളിപ്പെണ്ണിനെ ഓർമ്മിപ്പിച്ചു. കേശവൻ മന്ദഹസിച്ചു.

സാറയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ലിസിയൊണ്ടാരുന്നേല് ഈ ദുഷ്ടൻ സഖാവിനൊരു നുള്ളു തന്നേനേ. അവടമ്മേ ഇങ്ങനെ കരയിക്കണതിന്! സാറ കേശവന്റെ വിരലുകളിൽ മുറുക്കിപ്പിടിച്ചു.

സാരമില്ല മോളൂ. സഖാവറിയാതെ പറഞ്ഞുപോയി. എന്നാൽ ആ അമ്മൂമ്മയെ അത് പതിനെട്ടുകാരിയാക്കി. സാറയെണീറ്റു.

സഖാവെന്നാ വക്കീലായേ? അവർ തിരികെ നടന്നപ്പോൾ അവൾ ചോദിച്ചു.

കഥ നാളെപ്പറയാം. ഇന്ന്, ഇവിടെ, ഇപ്പോൾ നിന്റെയൊപ്പം നടന്നോട്ടെ? കേശവൻ പ്രിയപ്പെട്ടവളുടെ കൈ കവർന്നു.

അതേയ്.. ഈ കെളവീടെ കയ്യും പിടിച്ചോണ്ടു നടന്നാല്  ആരാധികമാരെന്തു പറയും? എതിരേ നടക്കാൻ വന്ന കോളനിയിലെ രണ്ടു ചെറുപ്പക്കാരികൾ അവരെ നോട്ടംകൊണ്ടുഴിയുന്നതു കണ്ട് സാറ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *