മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

ദേ! രണ്ടു മുതിർന്ന പിള്ളാരുടെ അമ്മയാ ഞാൻ!  എന്നെക്കേറി എടീ പോടീന്നൊക്കെ വിളിച്ചാലൊണ്ടല്ലോ!

എന്തു ശിക്ഷയും അടിയൻ സ്വീകരിച്ചോളാമേ തമ്പുരാട്ടീ! കേശവൻ ചിരിച്ചു.

ശരി. ആദ്യം കൊറച്ചു വിശക്കുന്നു.

ശരി. കേശവൻ ആ പട്ടണത്തിന്റെ അതിരിലേക്ക് വണ്ടിയോടിച്ചു. ഒരു പുകപിടിച്ച ചുമരുകളുള്ള ഓലപ്പുരയുടെ മുന്നിൽ നിറുത്തി.

വെണ്ണപോലത്തെ ആവി പറക്കുന്ന കപ്പ പുഴുങ്ങിയതും, കാന്താരിയുമുള്ളിയും ഉടച്ചതും കട്ടൻകാപ്പിയുമകത്താക്കിയപ്പോൾ സാറയ്ക്കു ജീവൻ വെച്ചു. എന്റെ കേശവേട്ടാ, കാലത്ത് നമ്മളു കുടിച്ച ചായ കഴിഞ്ഞ് ഇപ്പൊഴാ എന്തേലുമകത്തു ചെല്ലുന്നേ. അവൾ കേശവന്റെ ചുമലിൽ ചാരി.

എടീ! കേശവൻ വിളിച്ചു. എന്തോ? അവൾ മുഖമുയർത്തി. ഇനി സമയത്ത് കഴിച്ചോണം. മനസ്സിലായോടീ? ശരി കേശവേട്ടാ. സാറയ്ക്കുള്ളിലൊരു കുളിരു തോന്നി.

ബീച്ചിൽ അസ്തമയം കഴിഞ്ഞിരുന്നു. ആകാശത്തേക്കവൾ നോക്കി. “ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ”.കേശവനവളുടെ ചെവിയിൽ മന്ത്രിച്ചു.

അവസാനം കണ്ടുകഴിഞ്ഞിട്ട് സഖാവിനെന്തു പറ്റി?  അപ്പോഴും സുന്ദരിയായ സാറയെ കേശവൻ നോക്കി. ഒത്തിരി പറയാനുണ്ടെന്റെ മോളൂ. ഇനിയെത്രയോ സമയമുണ്ട്. ജയിലിൽ കിടന്നാണ് വർഷങ്ങൾക്കുശേഷം നിയമം പഠിച്ചത്. അമ്മ സ്ഥലമെല്ലാം വിറ്റ് ഈ നഗരത്തിൽ ഒരാശ്രമത്തിലേയ്ക്കു മാറിയിരുന്നു. ഞാനിവിടെ വന്ന് പ്രാക്റ്റീസു തുടങ്ങിയിട്ടും അമ്മ അവിടെ നിന്നും മാറിയില്ല. ഞാനും നിർബ്ബന്ധിച്ചില്ല. വർഷങ്ങളായി വിട്ടു പോയിട്ട്. ഞാൻ പഴയ പാർട്ടിക്കാരുടേയും, പാവങ്ങളുടേയും കേസുകളാണ് കൂടുതലും നടത്തുന്നത്. ജീവിക്കാനായി പക്കാ ക്രിമിനലുകളേയും ഡിഫൻഡു ചെയ്യുന്നു.

കുര്യച്ചനുമായി എന്തോ ആദ്യമേ പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. സാറയുടെ സോഫയിൽ കേശവന്റെ മടിയിൽ കാലുകൾ ഉയർത്തിവെച്ചിരിക്കയായിരുന്നു. നീണ്ട വിരലുകൾ പാദങ്ങളുടെ വളവുകളിലൂടെ മെല്ലെയമർത്തിയപ്പോൾ അവൾ സുഖം കൊണ്ടു കുറുകി.

ഉം. ബാക്കി? അവളുടെ വിരലുകൾ ഓരോന്നായി ഞൊട്ടയൊടിച്ചുകൊണ്ട് കേശവൻ ചോദിച്ചു.

പിന്നെ രണ്ടു പെൺമക്കളായി. മറിയം, അമ്മായിയമ്മേടെ പേര്. എലിസബത്ത്. അമ്മച്ചീടെ പേര്. പേരുപോലെ തന്നെ പിള്ളേരും. മറിയം കുര്യച്ചന്റെ മോളായിരുന്നു. ഡൈവോർസിന്റെ സമയത്തും അപ്പന്റെയൊപ്പമായിരുന്നു. പാവം ലിസി എന്നെപ്പോലെയും.

സാറ… കേശവന്റെ സ്വരം നേർത്തു.

എന്താ കേശവേട്ടാ? അവളെണീറ്റിരുന്നു. കേശവന്റെ മുഖം അവൻ കൈകളിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *