മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

എന്നെ നോക്കടീ! അവന്റെ ശബ്ദം മൂർച്ചയേറിയതായി. അവൾ ഞെട്ടി മുഖം പൊക്കി. അയ്യട! ഇരുന്നു ചിരിക്കുന്നു!

പേടിച്ചോടീ മോളൂ? മധുരമുള്ള ആ ശബ്ദത്തിൽ അവളുടെ മനസ്സലിഞ്ഞുപോയി. കണ്ണുകളറിയാതെ നിറഞ്ഞു. ചുണ്ടുകൾ ഇത്തിരി വിതുമ്പി.

എന്താ സാറ? കേശവനും ഒന്നു പതറി. അതവൾക്കു മനസ്സിലായി. മെല്ലെ ആ മുഖത്തൊരു മന്ദഹാസം വിടർന്നു. അവളുടെ വിരലുകൾ അവന്റെ വിരലുകളുമായി പിണഞ്ഞു.

അതേയ്, സഖാവേ! ആദ്യായിട്ടാ ഇത്രേം നല്ല വാക്കുകളാ തിരുമോന്തേന്ന് കേട്ടത്. അതിന്റെ സന്തോഷത്തിലാ. അല്ലെടോ മാഷേ! ഞാൻ ഇയാൾടെ പ്രിയപ്പെട്ടവളല്ലേ! ആ എന്നോടേലും മനുഷ്യപ്പറ്റോടെ ഇത്തിരി സോഫ്റ്റായിട്ടു പെരുമാറിയാലെന്താ? അവൾ ചൊടിയോടെ അവന്റെ കണ്ണുകളിൽ  നോക്കിപ്പറഞ്ഞു. ഹൃദയം നൃത്തം വെയ്ക്കുകയായിരുന്നു.

കേശവന്റെയുള്ളിലും എന്തോ വീണുടഞ്ഞു. പാവം പെണ്ണ്. അവൾക്കെന്നെ ഇഷ്ട്ടമാണ്. നിനക്കോ? അവൻ സ്വയം ചോദിച്ചു. പിന്നെ ഒരിക്കലും മനസ്സിനെ ചതിക്കാത്ത അവന്റെ സ്വഭാവം സത്യത്തെ നേരിടാൻ അവനു ശക്തി നൽകി.

നീ ഇവിടെയുണ്ട് എന്റെ സാറ. അവൻ നെഞ്ചിൽ തൊട്ടുകാണിച്ചു. നിനക്കറിയാമല്ലോ. എന്റെ ജീവിതത്തിൽ ഇതിനൊന്നും സ്ഥാനമില്ല സാറ. എന്നാലും നിനക്കതൊന്നും ഒരു വിഷയമേ അല്ലല്ലോടീ പെണ്ണേ. നീയെന്റെ ഉള്ളിലേക്ക് നുഴഞ്ഞു കേറി കസേര വലിച്ചിട്ടിരിപ്പാണ്. ഞാനെന്തു ചെയ്യുമെന്റെ പെണ്ണേ! അവന്റെ കൺഫ്യൂഷൻ കണ്ണുകളിൽ കാണാമായിരുന്നു.

അവൾ അമർത്തിച്ചിരിച്ചു. എന്റെ മാതാവേ! മോളിലേക്ക് നോക്കിയവൾ കുരിശു വരച്ചു.

എന്റെ പൊന്നേ! നീ എന്തേലും റൊമാന്റിക് ആയിട്ടു പറഞ്ഞല്ലോ. അവളുടെ വിരലുകൾ അവന്റെ ഉറച്ച നെഞ്ചിലൊന്നു പരതി. ഞാനിവിടെയുണ്ടല്ലോ. എന്റെ കേശവേട്ടാ! ഈ പെണ്ണിനതു മതി. ഇനിയൊന്നും കേൾക്കണ്ടെനിക്ക്! അവളുടെ വലിയ കണ്ണുകൾ പിന്നെയും നിറഞ്ഞു.

എന്നാലവളുടെ മനസ്സിന്റെ സംഗീതം വേറൊന്നായിരുന്നു.  നീയില്ലായ്മ എന്നത് എന്നിലെ പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ്. എന്നിലെ ഉന്മത്തമായ ലഹരിയായ് നീ മാറിയിരിക്കുന്നു, നിന്നോടുള്ള പ്രണയം ഭ്രാന്തമായ ഒരു വിഷക്കൂട്ടാണെങ്കിൽ, ഈ ജന്മം മുഴുവൻ ആ സോമരസം നുണയാൻ വെമ്പുന്ന എന്റെ ചുണ്ടുകളിലെ ദാഹമായി നീ മാറുമോ…

കേശവന്റെ ഹൃദയം ശക്തമായി മിടിച്ചു. മുന്നിലിരിക്കുന്ന പെണ്ണാണ് ഈ ലോകത്തിലെ എറ്റവും സുന്ദരിയായവൾ. അവളോടൊപ്പം ജീവിതം മുഴുവനും നടന്നു തീർക്കാൻ അവന്റെ ഹൃദയം കൊതിച്ചു. എങ്കിലും ഒരു പോരാളിയുടെ ജന്മം അവനെ ഭൂമിയിലേക്ക് വലിച്ചു.

സാറ. എന്റെ മോളൂ. അവന്റെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് അവളുടെ വിരലുകൾ ഞെരിച്ചു. എന്റെ വഴി നേരത്തേ വെട്ടിത്തെളിച്ചതാണ്. ഈ വരുന്ന തിങ്കളാഴ്ച ഞാനിവിടം വിടും. പിന്നെ നമ്മളു തമ്മിൽ കണ്ടെന്നു വരില്ലെന്റെ.. എന്റെ.. എന്റെ ജീവനാണ് നീ, കാന്താരീ. അവന്റെ സ്വരമിടറി.

Leave a Reply

Your email address will not be published. Required fields are marked *