മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

അവരൊന്നും മിണ്ടാതെ ലിസിയുടെ വീട്ടുവാതിൽക്കൽ വരെയൊപ്പം നടന്നു. അവൾക്ക് എന്തെന്നില്ലാത്തൊരു സുരക്ഷിതത്വം തോന്നി. ഇപ്പോഴൊരു ടെൻഷനുമില്ല. ഒരു സൈന്യം തന്നെ വന്നാലും കൂടെയുള്ള അങ്കിൾ അവളെ രക്ഷിക്കും. ഉറപ്പ്.

അവളെ വീടെത്തിച്ചിട്ട് കേശവൻ പോവാനായി തിരിഞ്ഞു. അങ്കിൾ! അവളുടെ വിളികേട്ട് കേശവൻ തിരിഞ്ഞു. ഇങ്ങുവന്നേ.. രഹസ്യം പറയുന്ന താഴ്ന്ന സ്വരത്തിൽ അവൾ വിളിച്ചപ്പോൾ കേശവൻ കുനിഞ്ഞ് അവളുടെ ചുണ്ടുകളിലേക്ക് ചെവിയടുപ്പിച്ചു.

അവൾ ആ കവിളിലൊരുമ്മ കൊടുത്തു. തരിച്ചു നിന്ന കേശവന് പ്രതികരിക്കാനൊക്കുന്നതിനു മുന്നേ അവൾ ചിരിച്ചുകൊണ്ടോടി അകത്തു കയറി. താങ്ക്സ് അങ്കിൾ!

അവളുടെ ചിരിയുമാസ്വദിച്ച് കേശവൻ വീട്ടിലേക്ക് നടന്നു. അറിയാതെ മന്ദഹസിക്കുന്നുണ്ടായിരുന്നു!

വീട്ടിലിരുന്നിട്ട് ലിസിക്കെന്തോ ഒരു പിരുപിരുപ്പു തോന്നി. മമ്മിയോടൊന്നും പറഞ്ഞിട്ടില്ല. സാധാരണ എല്ലാം പങ്കുവെയ്ക്കുന്നതാണ്. എന്തോ… മമ്മിയെക്കൂടി ടെൻഷനടിപ്പിക്കണ്ടാന്നു തോന്നി. അവൾ ജീൻസും ടീഷർട്ടുമിട്ട് ഇറങ്ങി നടന്നു. ലൈബ്രറിയിൽ പോവാൻ തോന്നിയില്ല. അറിയാതെ കാലടികൾ അങ്കിളിന്റെ ഗേറ്റിനുമുന്നിലെത്തിച്ചു.

ആദ്യമവളൊന്നമ്പരന്നു. ഗേറ്റ് തുറന്നുകിടക്കുന്നു. ഉള്ളിൽ ചെറിയൊരു ജനക്കൂട്ടം. ജീസസ്! അങ്കിളിനെന്തെങ്കിലും? അവളകത്തേക്ക് കടന്നു. ജനം ചെറിയ കൂട്ടങ്ങളാണ്. അവളൊന്നൂടെ നോക്കി. കൊറച്ചു പാവപ്പെട്ടവരാണെന്നു തോന്നുന്നു. കോളനീലെ പൊങ്ങച്ചപ്പാർട്ടികളല്ല.

ആരാ? എന്താ കുട്ടീ വേണ്ടത്? ഒരു വരയുള്ള ഷർട്ടും മുണ്ടുമുടുത്ത കിഴവൻ വന്നു. നെറ്റിയിൽ ചന്ദനവും ഭസ്മവും. മുടികൾ വളരുന്ന ചെവിയിൽ തുളസിയില. മുഴുക്കഷണ്ടി.

എന്താ ഇവിടൊരു കൂട്ടം?

ഓ… അതെന്നുമുള്ളതല്ലേ. എന്താ മോൾടെ കേസ്? വീട്ടീന്നാരേലും പറഞ്ഞയച്ചതാണോ?

നമ്മളാരാ അമ്മാവാ! മനസ്സിലായില്ല? ലിസി ചിരിച്ചു.

ഗോവിന്ദക്കുറുപ്പിനെ അറിയാത്ത ആരും ഇവിടുത്തെ ജില്ലാക്കോടതി മുതൽ താഴെ സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വരെ  കാണത്തില്ല കുഞ്ഞേ! പുള്ളിയൊന്നു നെഞ്ചു വിരിച്ചു. പിന്നെ സ്വരം താഴ്ത്തി. ദേ ഇവരെല്ലാം വക്കീലിനെ കാണാൻ നിക്കുവാ. നേരത്തേ പറഞ്ഞുവെച്ചവരൊഴിച്ചാൽ ബാക്കി അത്രേം വക്കീലാപ്പീസിലേ കാണൂന്നാ അദ്ദേഹത്തിന്റെ ചിട്ട. ഞാനദ്ദേഹത്തിന്റെ ഗുമസ്തനാ.

ഞാനങ്കിളിനെ പിന്നെക്കണ്ടോളാം. ലിസി ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു. പോണവഴി ഒരു പഴഞ്ചൻ മാരുതി അവളെ ഓവർടേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന അങ്കിൾ അവളെ നോക്കി കൈവീശി! അവൾ തിരിച്ചും.

Leave a Reply

Your email address will not be published. Required fields are marked *