മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

ആരാധികമാരോ? വട്ടായോടീ? കേശവൻ ആ പഴയ യുവാവായിക്കഴിഞ്ഞിരുന്നു.

ഈ വട്ട് ഞാൻ മരിക്കണവരെ കാണും. അല്ല അതു കഴിഞ്ഞും. കേട്ടോ കള്ള സഖാവേ! സാറ കേശവന്റെ വിരലുകളിൽ ഞെരിച്ചു.

മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ പിരിഞ്ഞു. സാറ പള്ളിയിലേക്കും കേശവൻ ഓഫീസിൽ കാത്തിരിക്കുന്ന കക്ഷികളുടെ അടുത്തേക്കും. വക്കീലിന് അവധിയൊന്നുമില്ലായിരുന്നു.

രണ്ടുപേരും അന്ന് മധുരിക്കുന്ന അനുഭൂതികളിലായിരുന്നു. സാധാരണ ഒറ്റപ്രാവശ്യം കക്ഷികൾ പറയുന്നതു കേട്ടാൽ നെല്ലും പതിരും തിരിച്ചറിയുന്ന, അവരേയും ഗുമസ്തൻ ഗോവിന്ദക്കുറുപ്പിനേയും മുനയിൽ നിർത്തുന്ന കേശവൻ വക്കീലന്ന് വളരെ സൗമ്യമായി ചിരിച്ചുകൊണ്ടു പെരുമാറി. ആരോടും ചാടിക്കേറുകയോ കുറുപ്പിനെ കടിച്ചുകുടയുകയോ ഒന്നും തന്നെയുണ്ടായില്ല. ഇടവേളകളിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്ന, മുഖത്ത്  നേരിയ മന്ദഹാസം മിന്നിമാഞ്ഞിരുന്ന, വക്കീലിനെക്കണ്ട് കുറുപ്പത്ഭുതം കൂറി. മാത്രമല്ല പോവാൻ നേരം പതിവില്ലാതെ കുറുപ്പിന്റെ പോക്കറ്റിൽ രണ്ടായിരത്തിന്റെ ഒരു നോട്ടും വീണു!

ഗുരുവായൂരപ്പാ, ഇങ്ങേർക്കിതെന്നും തോന്നണേ. കുറുപ്പ് മനമുരുകി പ്രാർത്ഥിച്ചു!

സാറയുടെ കാര്യം അതിലും കഷ്ട്ടമായിരുന്നു. അച്ചൻ പറഞ്ഞതോ, അതുകഴിഞ്ഞ് വീട്ടിലെത്തി ടീവിയിൽ കണ്ടതോ, ന്യൂസ് പേപ്പർ വായിച്ചതോ ഒന്നുമങ്ങ് തലയിൽ കേറിയില്ല. ഏതോ ലോകത്തായിരുന്നു. എത്രയോ വട്ടം വിരലുകൾ മൊബൈലിൽ അമരാൻ തരിച്ചു. കളഞ്ഞുപോയെന്നു കരുതിയ നിധി , പിന്നെയും പിന്നെയും എടുത്തു താലോലിക്കാൻ മനസ്സു കൊതിച്ചു.

വൈകുന്നേരം മൊബൈലു റിങ്ങ് ചെയ്തപ്പോൾ വിറയ്ക്കുന്ന കൈകൊണ്ടവളെടുത്തു. അഞ്ചുമിനിറ്റ്. ഞാൻ വെളിയിൽ കാണും. പച്ച മാരുതി.

സാറ വസ്ത്രം മാറാനൊന്നും മിനക്കെട്ടില്ല. മുഖം കഴുകി, മുടിയിലൂടെ ബ്രഷോടിച്ചിട്ട്  പിന്നിലൊരു ഹെയർബാൻഡു വെച്ചു കെട്ടി.

വീടും പൂട്ടി വെളിയിലിറങ്ങിയപ്പോൾ കാറു വളവു തിരിഞ്ഞു വരുന്നു. അവൾ വാതിലു തുറന്ന് സീറ്റിലമർന്നു. തിരിഞ്ഞു കേശവനെ നോക്കി.

ഒരു ചാരനിറത്തിലുള്ള കൈകൾമടക്കിവെച്ച ഷർട്ടും കറുത്ത ബാഗി പാന്റും.

നല്ല സ്റ്റൈലിലാണല്ലോ സഖാവ്. അവൾ മനോഹരമായി ചിരിച്ചു.

ഒരു സുന്ദരീടെ കൂടെ കൊറേ നാളായിട്ട് വെളിയിലേക്കു പോയിട്ടില്ല. അതുകൊണ്ട് അല്പം ഡീസന്റാവാം എന്നു കരുതി. വണ്ടി മുന്നോട്ടെടുത്ത് കേശവൻ പറഞ്ഞു.

ഓഹോ! അപ്പം സുന്ദരിമാരുടെ കൂടെ കൊറേ നാളു മുൻപ് ധാരാളം ചുറ്റിയിട്ടുണ്ട് അല്ലേ! സാറ കേശവന്റെ ചെവിക്കു പിടിച്ചു തിരുമ്മി.

നിന്നോട് വാദിച്ചു ജയിക്കാൻ വക്കീലിന്റെ ബിരുദമൊന്നും പോരെടീ. കേശവൻ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *