ശരീരത്തിനേൽക്കുന്ന മുറിവുകൾ ഉണങ്ങും, എക്കാലവും പാടുകളായി നിലനിൽക്കുമെങ്കിലും നോവറിയില്ല, പക്ഷെ മനസ്സിനേൽക്കുന്ന മുറിവുകൾ ഒരുനാളും ഉണങ്ങില്ല… ഓർമ്മകൾ നിലനിൽക്കുന്ന കാലത്തോളം അതിൽ നിന്നും രക്തം കിനിഞ്ഞുകൊണ്ടിരിക്കും….
അവനെ നോക്കാൻ ത്രാണി ഇല്ലാതെ പ്രിയദർശിനി മുറിക്ക് പുറത്തേക്ക് ഇറങ്ങി, താഴേക്കു ഇറങ്ങി ഡൈനിങ് ടേബിളിൽ ചാരി നിന്ന് പൊട്ടി കരഞ്ഞു…. ഒരാളുടെ ഹൃദയത്തിന് താങ്ങുന്നതിനും പരിധിയില്ലേ….ഈ കുട്ടിയെമാത്രം വിധി എന്തിനാണിങ്ങനെ നോവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല
.
.
ബാൽക്കണിയുടെ വാതിൽ തുറന്ന് പ്രിയ അകത്തേക്ക് കയറി…നേരം ഇരുട്ടി തുടങ്ങിയിരുന്നു
കൈയിലിരുന്ന ഫോൺ മേശപ്പുറത്ത് വച്ചതിനുശേഷം പ്രിയ നന്ദുവിന്റെ അരികിലിരുന്നു
അവളുടെ സാന്നിധ്യം അറിഞ്ഞിട്ടാവണം നന്ദു കണ്ണുതുറന്നു…
“ജിമ്മില് പോണില്ലേ… ”
“ഇല്ല…. ”
കരിനീലിച്ചു കിടക്കുന്ന നന്ദുവിന്റെ മുഖത്ത് വിരലുകൾ മൃദുവായി ഓടിച്ചുകൊണ്ട് പ്രിയ പറഞ്ഞു….
“ഇവിടെ കിടക്കുമോ….”
ബെഡിൽ തട്ടി അല്പം മടിയോടെ നന്ദു ചോദിച്ചതും പ്രിയ അവന്റെ അരികിൽ കിടന്നു….ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു….മുടിയിഴകൾ പ്രിയയുടെ കണ്ണിലേക്കു വഴുതി വീണതും നന്ദു അത് അവളുടെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു….
“സംസാരിക്ക്….”അവനിലേക്ക് ഒന്നുകൂടെ ചേർന്നു കിടന്നുകൊണ്ട് പ്രിയ പറഞ്ഞു… നന്ദു ആദ്യമൊന്ന് ഞെട്ടി പിന്നെ ഓർത്തു, തന്റെ മനസ്സ് കലങ്ങി മറിയുമ്പോഴെല്ലാം അവൾക്കത് മനസ്സിലാവും