“വിനു… നമുക്ക് നാളെ കൊച്ചിക്ക് പോകണം. അർജുൻ ദുബായ്ക്ക് പോകുന്നതിന് മുൻപ് എനിക്ക് അവനെ ഒന്ന് കാണണം. ആ ഫ്ലാറ്റിന്റെ കാര്യങ്ങൾ നമുക്ക് അപ്പോൾ തന്നെ തീർക്കാം.”
വിനുവിന്റെ മുഖം തിളങ്ങി. “അത് നല്ല ഐഡിയയാ അമ്മൂ! നമ്മൾ അങ്ങോട്ട് ചെല്ലുന്നത് കാണുമ്പോൾ അർജുനും സന്തോഷമാകും. ഞാൻ ഇപ്പോൾ തന്നെ അവനെ വിളിച്ചു പറയട്ടെ?”
“വേണ്ട… ഞാൻ അവനെ വിളിച്ചോളാം. നീ പോയി അമ്മയോട് നാളെ നമ്മൾ കൊച്ചിക്ക് പോകുന്ന കാര്യം പറ.”
അവൻ പോയ പുറകെ അവൾ അവനു കോൾ ചെയ്തു, പക്ഷേ ഫോൺ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. അവൾ പിന്നെയും വിളിച്ചു. ഓരോ തവണ വിളിക്കുമ്പോഴും അവളുടെ ഉള്ളിലെ തീ കൂടിവന്നു.
“എന്നെ ഒഴിവാക്കാൻ നോക്കുകയാണോ അവൻ?” എന്ന ചിന്ത അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു. വീട്ടിലെ ജോലികൾക്കിടയിലും അവളുടെ മനസ്സ് ഫോണിലായിരുന്നു. ഇടയ്ക്കിടെ സ്ക്രീനിലേക്ക് നോക്കും, വീണ്ടും ഡയൽ ചെയ്യും. പക്ഷേ ഫലം പഴയതുതന്നെ.
അമൃതയുടെ അസ്വസ്ഥത കണ്ടു വിനു അടുത്തു വന്നു. “എന്താ അമ്മൂ, അവനെ കിട്ടുന്നില്ലേ? മീറ്റിംഗിൽ ആയിരിക്കും, നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?”
“മീറ്റിംഗും പണ്ടാരവും ഒന്നും എനിക്ക് അറിയണ്ട…” അമൃത ദേഷ്യത്തോടെ പറഞ്ഞു. അവൾക്ക് അവളോട് തന്നെയായിരുന്നു ദേഷ്യം. അർജുൻ അത്ര പെട്ടെന്ന് തന്റെ ജീവിതത്തിൽ നിന്ന് അകന്നുപോകുന്നത് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.
ഒടുവിൽ വൈകുന്നേരമായപ്പോൾ അവൾ വീണ്ടും വിരലുകൾ ചലിപ്പിച്ചു. ഇത്തവണ ബെല്ലടിച്ചു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അപ്പുറത്ത് അർജുൻ ഫോൺ എടുത്തു. പക്ഷേ ആ ശബ്ദത്തിൽ പഴയ ആ ഒരു ഉന്മേഷമോ ആവേശമോ ഇല്ലായിരുന്നു. വളരെ ശാന്തമായ, തികച്ചും ഔദ്യോഗികമായ ഒരു മറുപടി.