അച്ചുവിന്റെ ഉള്ളിലെ ആ പ്രളയം പെയ്തൊഴിഞ്ഞപ്പോൾ കാറിനുള്ളിൽ കനത്തൊരു നിശബ്ദത തളംകെട്ടി നിന്നു. അക്കുവിന്റെ നെഞ്ചിലെ ചൂടിൽ മുഖമമർത്തി അവൾ ഏറെനേരം അങ്ങനെതന്നെ ഇരുന്നു. കരഞ്ഞു തീർത്തപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞെങ്കിലും, ഉള്ളിന്റെയുള്ളിലെ ആ പേടി ഒരു നീറ്റലായി തന്നെ ബാക്കിനിന്നിരുന്നു…
മെല്ലെ തലയുയർത്തി അവൾ അക്കുവിനെ നോക്കി. അവന്റെ കണ്ണുകളിൽ പരിഭ്രമത്തേക്കാൾ ഉപരി വലിയൊരു കരുതൽ നിറഞ്ഞുനിൽക്കുന്നത് അച്ചു കണ്ടു…
തന്റെ കണ്ണുനീർ വീണ് നനഞ്ഞ അവന്റെ ഷർട്ടിലേക്ക് നോക്കിയപ്പോൾ അവൾക്ക് ചെറിയൊരു ചമ്മൽ തോന്നി,, പുറംകൈ കൊണ്ട് കണ്ണുനീർ തുടച്ച ശേഷം, ബാഗിൽ നിന്നും ഹാൻഡ് ടവൽ എടുത്ത് അക്കുവിന്റെ നെഞ്ചിലെ നനവ് ഒപ്പിക്കൊണ്ട്, ആ കരച്ചിലിനിടയിലും ചെറിയൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു,,
“നീ എന്റെ ഈ പൊട്ടത്തരം ഒന്നും കാര്യമാക്കണ്ടടാ… നിനക്ക് പറ്റിയ നല്ലൊരു പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി തരും.”
”ഓ, അതിനു ചേച്ചി കഷ്ടപ്പെടുകയൊന്നും വേണ്ട, എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തിക്കോളാം,”
നിലവിലെ ഗൗരവം ഒന്ന് കുറയ്ക്കാൻ അക്കു ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു…
”അല്ലെങ്കിലും എനിക്കറിയാമെടാ നിന്റെയൊക്കെ സ്നേഹം… വെറും കള്ളത്തരമാണ്, സ്വന്തം കാര്യസാധ്യത്തിന് മാത്രം!”
അത്രയും പറഞ്ഞ് അച്ചു അവനെ പിച്ചാനും തല്ലാനുമൊക്കെ തുടങ്ങി.. ഫ്ലാറ്റിലെത്തുന്നത് വരെയും തല്ലു കൂടിയും തമാശകൾ പറഞ്ഞും അവർ ആ യാത്ര ആസ്വദിച്ചു…