എന്റെ നിലാപക്ഷി 4
Ente Nilapakshi Part 4 | Author : Ne-Na | Previous part
“സർ.. നമ്മൾ എത്താറായി.”
കാർ ഓടിച്ച് കൊണ്ടിരുന്ന രാജുവിന്റെ ശബ്‌ദം ശ്രീഹരിയെ ഓർമകളിൽ നിന്നും ഉണർത്തി.
കണ്ണ് തുറന്നു നോക്കിയപ്പോഴാണ് അടൂർ എത്തിയത് അവൻ അറിഞ്ഞത്. കവിളിലേക്ക് ഒഴുകി തുടങ്ങിയ കണ്ണുനീർ അവൻ കൈ കൊണ്ട് തുടച്ചു. ഓർമ്മകൾ കണ്ണ് നിറച്ചിരിക്കുന്നു.
ഫോൺ എടുത്ത് അവൻ റാമിന്റെ നമ്പറിലേക്ക് വിളിച്ചു.
ഹോട്ടൽ ബുക്ക് ചെയ്യണ്ട, റാമിന്റെ വീട്ടിൽ സ്റ്റേ ചെയ്യുമെന്ന് അനുപമയോട് പറഞ്ഞിരുന്നെങ്കിലും റാമിനെ വിളിച്ച് വരുന്നകാര്യം ശ്രീഹരി ഇതുവരെ അറിയിച്ചില്ലായിരുന്നു.
ഫോൺ എടുത്ത റാമിനോട് വിവരങ്ങൾ പറഞ്ഞപ്പോൾ വീട്ടിൽ വരണ്ട ഗസ്റ്റ് ഹൗസിലേക്ക് ചെല്ലാനാണ് റാം പറഞ്ഞത്.
ശ്രീഹരി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. നല്ല പോലെ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട്. വഴിയോര കടകളില്ലെല്ലാം ലൈറ്റിന്റെ വെളിച്ചത്തിൽ കച്ചവടം നടക്കുന്നു. അവൻ വാച്ചിലേക്ക് നോക്കി. ഏഴു മണി കഴിഞ്ഞു, കുറച്ചു സമയത്തിനകം തന്നെ ഗസ്റ്റ് ഹൌസ് എത്തും.
നാളെ ജീനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവളെ കാണാൻ കഴിയുമോ ഇല്ലയോ എന്ന ചിന്ത അവന്റെ മനസിനെ അലട്ടി.
ഗസ്റ്റ് ഹൗസിനു മുന്നിൽ കാർ നിർത്തുമ്പോൾ അവനെ കാത്തിട്ടെന്നവണ്ണം റാം നിൽപ്പുണ്ടായിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയെ കെട്ടിപിടിച്ചുകൊണ്ട് റാം പറഞ്ഞു.
“കുറേനാളായല്ലോ നിന്നെ കണ്ടിട്ട്.”
ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു.
“നിനക്കറിയാല്ലോടാ ബിസിനസ്സിന്റെ തിരക്കുകൾ.”