“അല്ല.. അവൾ എന്റെ ആരാണെന്ന് ചോദിച്ചാൽ എനിക്കതിനൊരു ഉത്തരവും ഇല്ല… അവളെ നാളെ കാണാൻ പറ്റുമോയെന്നും എനിക്കുറപ്പില്ല.”
റാമിന് ഒന്നും മനസിലായില്ലെങ്കിലും ശ്രീഹരിയുടെ സ്വര മാറ്റത്തിൽ നിന്നും വാക്കുകൾക്ക് ഇടയിലുള്ള ഇടർച്ചയിൽ നിന്നും പെൺകുട്ടി അവന് വളരെ വേണ്ടപ്പെട്ട ഒരാളാണെന്ന് മനസിലായി.
“അതൊക്കെ നാളെ നമുക്ക് പോയി കാണാം, നീ ഇപ്പോൾ കുളിച്ചൊന്ന് ഫ്രഷാക്.”
ഒരു മുറി ചൂണ്ടി കാണിച്ച് കൊണ്ട് റാം പറഞ്ഞു.
“തല്ക്കാലം ആ റൂം യൂസ് ചെയ്തോ. കുപ്പിയും ഇരിപ്പുണ്ട് അവിടെ, ഒന്ന് മൂടാകുമ്പോൾ മുകളിലേക്ക് ചെന്നാൽ മതി.”
ഹരിക്കും ഒന്ന് കുടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. മനസ് ആകെ കലുഷിതമാണ്, നാളെ ജീനയെ കാണാൻ കഴിയുമോ എന്ന് ഉള്ളിൽ നിന്നും ഉയരുന്ന ചോദ്യത്തിന്റെ അലട്ടലും.
അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപായി റാം പറഞ്ഞു.
“ഡാ.. ഫുഡ് നീ ഹോട്ടലിൽ നിന്നൊന്ന് വാങ്ങണം, ഇവിടെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി പോയി.. അതുകൊണ്ടാണ്.”
റാമിന്റെ തോളിൽ തട്ടിക്കൊണ്ട്ശ്രീഹരി പറഞ്ഞു.
“അതൊന്നും കുഴപ്പമില്ല. നീ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോകാൻ നോക്ക്.”
റാം അവിടെ നിന്നും പോയപ്പോൾ തന്നെ ശ്രീഹരി ബാഗുമായി റൂമിലേക്ക് കയറി. ഒരു ജോഡി ഡ്രസ്സ് എപ്പോഴും കാറിൽ കരുതിയിരിയ്ക്കുന്നത് അവന്റെ പതിവാണ്. നിനച്ചിരിക്കാത്ത യാത്രകളാണ് പലപ്പോഴും ഉണ്ടാകുന്നത്.
മുറിയിലേക്ക് കയറിയ ശ്രീഹരിയുടെ കണ്ണിൽ ആദ്യം പെട്ടത് മേശപ്പുറത്തിരുന്ന പകുതി തീർന്ന മദ്യക്കുപ്പിയാണ്. ബാഗ് ബെഡിലേക്ക് ഇട്ട അവൻ ആദ്യം തന്നെ ഒരു ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് കുടിച്ചു. മദ്യം ഉള്ളിലേക്ക് എത്തിയപ്പോഴാണ് അവൻ വിശപ്പിനെക്കുറിച്ച് ബോധവാനായത്.
ശ്രീഹരി കൈയിൽ കുറച്ച് പൈസയുമായി പുറത്തേക്ക് നടന്നു. അവൻ പുറത്ത് ചെല്ലുമ്പോൾ ഒരു സിഗരറ്റും വലിച്ച് കൊണ്ട് രാജു മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
“രാജു..”