എന്റെ നിലാപക്ഷി 4 [ ne-na ]

Posted by

ഇടക്കൊക്കെ ഒരു കാമുകിയെ പോലെ ആണ് അവളുടെ പെരുമാറ്റം. ഒരുതരം കേറിങ്.. കുറച്ചധികം സമയം കാണാതായാൽ വിളിച്ച് എവിടാണെന്ന് തിരക്കും. എവിടാണെന്ന് അറിഞ്ഞാൽ മാത്രം മതി, എന്തിനു പോയി ഇപ്പോൾ വരും എന്നുള്ള ചോദ്യങ്ങൾ ഒന്നും ഇല്ല. ഒരിക്കലും അവൾ അധിക സ്വാതന്ത്യം എടുത്തിട്ടില്ല.
‘വീട്ടിൽ ഉണ്ടെന്നും ഇന്ന് ഓഫീസിൽ വരില്ലെന്നും അനുപമക്ക് മെസ്സേജ് അയച്ച ശേഷം ശ്രീഹരി ജീന കിടന്ന റൂമിലേക്ക് പോയി.
അവൻ ചെല്ലുമ്പോൾ അവൾ കണ്ണുകൾ തുറന്ന് ബെഡിൽ കിടക്കുകയായിരുന്നു. മുഖം കണ്ടിട്ട് അവൾ ഉറങ്ങിട്ടുണ്ട് എന്ന് തോന്നുന്നില്ല.
കൂടുതൽ സംസാരിച്ച് അവളെ ശല്യപ്പെടുത്താൻ അവന് തോന്നിയില്ല.
“ജീന.. നീയൊന്നു ഫ്രഷ് ആയിട്ട് വാ, കാപ്പി കുടിച്ചിട്ട് നമുക്ക് പുറത്തൊന്ന് പോകണം.”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. എവിടേക്കാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ അവൾ തിരക്കിയില്ല.
തലേന്ന് രാത്രി ഒന്നും കഴിക്കാത്തതിനാൽ ശ്രീഹരിക്ക് നല്ല വിശപ്പുണ്ടായിരുന്നു. വേലക്കാരി ഉണ്ടാക്കി കൊണ്ടുവന്ന അപ്പം അവൻ ആസ്വദിച്ച് കഴിക്കുമ്പോൾ ജീന എന്തോ ആലോചനയിൽ ഇരുന്ന് കഴിച്ചതായി വരുത്തി തീർക്കുകമാത്രമാണ് ചെയ്തത്.
ശ്രീഹരി ആ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വല്ലപ്പോഴും കൂടി മാത്രമേ നാട്ടിൽ വീട്ടിലേക്ക് പോകാറുള്ളൂ. ആഹാരം ഉണ്ടാക്കി കൊടുക്കാനും വീട് വൃത്തിയാക്കാനുമായി ഒരു വേലക്കാരി ഉണ്ട്. അവർ രാവിലെ വന്ന് വൈകുന്നേരം ജോലിയെല്ലാം തീർത്ത് പോകാറാണ് പതിവ്.
ആഹാരം കഴിച്ച് കഴിഞ്ഞ് ശ്രീഹരി അവളെയും കൂട്ടി റ്റെക്സ്റ്റൈൽസിലേക്കാണ് പോയത്. ജീന ഇട്ടുകൊണ്ട് വന്ന ഡ്രസ്സ് അല്ലാതെ വേറെ ഒന്നും മാറി ഇടുവാനായി അവൾക്കില്ലായിരുന്നു.
കാറിൽ പോകുമ്പോഴും ജീന മൗന തന്നെ ആയിരുന്നു. അലക്ഷ്യമായി പുറത്തേക്ക് തന്നെ നോക്കിയിരുന്നു യാത്രയിലുടനീളം.
റ്റെക്സ്റ്റൈൽസിൽ എത്തി വസ്ത്രങ്ങൾ എടുക്കുമ്പോൾ അവൾ വസ്ത്രങ്ങൾ തിരയാനൊന്നും നിന്നില്ല, മുന്നിലേക്ക് എടുത്തിട്ട കുറച്ച് ഡ്രെസ്സുകൾ വിലപോലും നോക്കാതെ അവളെടുത്തു.
വീട്ടിൽ എത്തിയ ശേഷം മുഴുവൻ സമയം റൂമിൽ തന്നെ കഴിച്ച് കൂട്ടുകയാണ് അവൾ ചെയ്തത്. പിറ്റേ ദിവസം രാവിലെ ശ്രീഹരിയുടെ കൂടെ ഇരുന്ന് കാപ്പി കുടിക്കുമ്പോഴും അവൾ മൗനത തുടർന്നു. ക്ഷീണിച്ച് വിളറിയ അവളുടെ മുഖം കാണുമ്പോഴേ അവന് മനസിലായി രാത്രിയിൽ അവൾ അധികം ഒന്നും ഉറങ്ങിയിട്ടില്ലെന്ന്.

Leave a Reply

Your email address will not be published. Required fields are marked *