അച്ഛൻ ടൗണിലെ ഒരു ജ്വല്ലറിയിൽ മാനേജറാണ്. അമ്മയാണെങ്കിൽ ഡോക്ടറും.
എനിക്ക് മൂത്തത് ഒരു ഏട്ടനും ചേച്ചിയുമാണുള്ളത്; രണ്ടും ഇരട്ടകൾ.
ഏട്ടന്റെ പേര് അർജുൻ ബലരാമൻ, കക്ഷി പോലീസാണ്. ചേച്ചിയുടെ പേര് ഗൗരി ബലരാമൻ.
ഇനി എന്റെ ഏട്ടത്തിയുടെ കാര്യം പറയാം. പേര് മഹിമ. ഒമ്പത് കൊല്ലം നീണ്ട പ്രണയത്തിനൊടുവിലാണ് ഏട്ടൻ മഹിമയെ കെട്ടിയത്. ചേച്ചിയുടെ ഫ്രണ്ട് എന്ന നിലയിലായിരുന്നു തുടക്കം, പിന്നെ ഏട്ടൻ അതങ്ങ് ഏറ്റെടുത്തു. കല്യാണത്തിന് മുൻപേ തന്നെ ഏട്ടത്തി ഇവിടെ സ്ഥിരം വിസിറ്റർ ആയിരുന്നു…. ആ കാര്യത്തിലൊന്നും ഏട്ടത്തിയുടെ വീട്ടുകാർക്കും പ്രശ്നമൊന്നുമുണ്ടായിരുന്നില്ല….
ചേച്ചിയും ഏട്ടത്തിയും ഒരേ കമ്പനിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത് അതും അത്യാവശ്യം നല്ല പൊസിഷനിലും നല്ല സാലറിയിലും
ഏട്ടന്റെ കാര്യം പിന്നെ പറയണ്ടല്ലോ, ഞാൻ ഉണ്ടാക്കുന്ന സകല പ്രശ്നങ്ങളിൽ നിന്നും ഒരു ഡിങ്കനെപോലെ എന്നേ പറന്ന് വന്ന് രക്ഷിച്ചെടുക്കുന്നത് ഏട്ടനാണ്.
ഇതുക്കൊണ്ടൊക്കെതന്നെ ഞാനെന്ന് പറഞ്ഞാൽ ചേച്ചിക്കും ഏട്ടത്തിക്കും ഏട്ടനുമൊക്കെ ജീവനാണ്
വീട്ടിൽ എല്ലാവർക്കും നല്ല ജോലിയും കാര്യങ്ങളുമൊക്കെ ഉണ്ട്. എന്നാൽ എന്റെ കാര്യം മാത്രം ചോദിക്കരുത്. പണി ഒന്നുമില്ല! പഠിത്തം കഴിഞ്ഞ് ‘PSC പഠനം’ എന്ന ഒരൊറ്റ കച്ചിത്തുരുമ്പിൽ തൂങ്ങിയാണ് ഈ വീട്ടിൽ പിടിച്ചുനിൽക്കുന്നത്…
അതുകൊണ്ട് തന്നെ ഈ ഇരുപത്തിനാലാം വയസ്സിൽ, ഒരു ജോലിയും കൂലിയുമില്ലാത്ത ഞാൻ, ഇങ്ങനെ കേക്കും മുറിച്ച്, ബലൂണും തൂക്കി ആഘോഷിക്കുന്നത് എന്ത് അരോചകമാണെന്ന് ഇവർക്കൊന്നും മനസ്സിലാവുന്നില്ലല്ലോ എന്നായിരുന്നു എന്റെ വിഷമം.