അവന്റെ കഥകൾ കേട്ടുകൊണ്ടിരുന്ന ജീനക്ക് അവനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
കട്ടിലിൽ നിന്നും തറയിൽ ഇറങ്ങിയിരുന്ന് ജീനയുടെ കാലുകളിൽ മുറുകെ പിടിച്ച് മുഖം അവളുടെ തുടകളിൽ അമർത്തി കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു.
“പണത്തിന് പിറകെയുള്ള ഓട്ടത്തിൽ എനിക്ക് എല്ലാം നഷ്ട്ടപെട്ടു.. ക്ലാരയെ നഷ്ടമായി, നിന്നെ മറന്നു ഞാൻ, മനസറിഞ്ഞ് ഒന്ന് ചിരിക്കാൻ പോലും ഞാൻ മറന്നിരിക്കുന്നു… എനിക്കറിയാം ജീന.. ഞാൻ ഒരു സ്വാർത്ഥനാണ്.. എന്നെയും എന്റെ കുടുംബത്തെയും പറ്റി മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളു, ഇത്രയും വർഷങ്ങൾക്ക് ഇടക്ക് എനിക്ക് നിന്നെ പറ്റി ഓർക്കാനും ചിന്തിക്കാനും അവസരങ്ങളുണ്ടായിരുന്നു… പക്ഷെ ഞാൻ അതിന് ശ്രമിച്ചില്ല.. ഒരുപക്ഷെ ഞാൻ അതിന് ശ്രമിച്ചിരുന്നെങ്കിൽ നിനക്ക് ഈ അവസ്ഥ വരില്ലായിരുന്നു. എന്നോട് ക്ഷമിക്ക് മോളെ.”
അവനോടൊപ്പം തറയിലേക്ക് ഇറങ്ങിയിരുന്ന് അവന്റെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ച്കൊണ്ട് അവൾ പറഞ്ഞു.
“ഇച്ചായൻ വിഷമിക്കണ്ട, ഓർമ്മവച്ച കാലം മുതലേ എന്റെ ജീവിതം ഇങ്ങനെ തന്നെ ആയിരുന്നു. ഞാൻ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടുണ്ടെകിൽ അത് ഇച്ചായനോടൊപ്പം ഉണ്ടായിരുന്ന ആ ദിവസങ്ങളിൽ ആയിരുന്നു. അന്നൊക്കെ ഇച്ചായൻ എന്നെ പൊന്നുപോലെ തന്നാ നോക്കിയെ, എനിക്ക് ഒരു കുറവും വരുത്തിയിരുന്നില്ല.”
തറയിൽ നിന്നും എഴുന്നേറ്റ ശേഷം അവളെയും പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“നീ വിശ്വസിച്ചാലും ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയുവാണ്.. ഞാൻ ഇന്ന് ഇവിടേക്ക് വന്നത് നിന്റെ വീട്ടിൽ വരുവാനും നിന്നെ കൂട്ടികൊണ്ട് പോകുവാനും ആയിരുന്നു.”
ജീന അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“വാ.. നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.”
ജീന അവിടെ നിന്നും അനങ്ങിയില്ല. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഞാൻ ഇച്ചായനോടൊപ്പം വന്നേനെ. പക്ഷെ ഞാൻ ഇപ്പോൾ ചീത്തയാ.. ഞാൻ ഇവിടെത്തന്നെ എന്റെ ഈ നശിച്ച ജീവിതം തീർത്തു കൊള്ളാം.”