“എന്നോട് ക്ഷമിക്ക് ഇച്ചായാ, ഞാൻ എന്റെ വിഷമം കൊണ്ട് എന്തൊക്കെയോ പറഞ്ഞു പോയതാ.”
അവളെ തറയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ച് തന്റെ അരികിലേക്ക് ഇരുത്തികൊണ്ട് അവൻ പറഞ്ഞു.
“നീ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ. നിന്നെ സംരക്ഷിക്കേണ്ട ഞാൻ കുറച്ചു വർഷങ്ങളായി നിന്നെ പാടെ മറന്നു കളഞ്ഞിരുന്നു.
ശ്രീഹരിയുടെ ചിന്ത ഓർമകളുടെ ലോകത്തായി.
ജീനയുടെ അമ്മയുടെ മരണത്തിന് അവളുടെ വീട്ടിൽ നിൽക്കുമ്പോൾ വന്നത് അച്ഛന്റെ മരണം അറിയിച്ചുകൊണ്ടുള്ള ഫോൺ വിളി ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. കുടുംബത്തിന്റെ നട്ടെല്ലായിരുന്നു അച്ഛൻ. ഒരിക്കൽ പോലും ഒരു വിഷമതകളും വീട്ടുകാർക്ക് ഉണ്ടാക്കിയിട്ടില്ല. അച്ഛന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെ ഒന്നാകെ ഉലച്ചു. അച്ഛന്റെ അഭാവത്തിൽ ബിസിനസുകൾ തകർന്ന് തുടങ്ങി.ഇതിനിടയിൽ അച്ഛന്റെ സഹോദരൻ ബിസിനസ് പാർട്ണർഷിപ് ഒഴിഞ്ഞു. അല്ലെങ്കിലും മുങ്ങിക്കൊണ്ടു നിൽക്കുന്ന കപ്പലിൽ ആര് നിൽക്കാനാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുന്ന സമയത്താണ് ക്ലാരയുടെ കല്യാണം ഉറപ്പിച്ചു എന്നുള്ള വാർത്ത എത്തിയത്. അവൾ തനിക്കൊപ്പം ഇറങ്ങി വരാൻ ഒരുക്കമായിരുന്നു. എന്നാൽ അച്ഛന്റെ മരണത്തോടെ തകർന്ന് ഇരിക്കുന്ന കുടുംബത്തിലേക്ക് ഇനി ഭാവി എങ്ങോട്ടെന്ന് പോലും അറിയാതിരുന്ന സമയത്ത് അവളെ വിളിച്ചിറക്കിക്കൊണ്ട് വരാനുള്ള ചങ്കുറപ്പില്ലായിരുന്നു. ആ സമയത്ത് പ്രണയമോ കല്യാണമോ ഒന്നും ആയിരുന്നില്ല മനസ്സിൽ ഉണ്ടായിരുന്നത്. അനിയത്തിയെ പഠിപ്പിക്കണം, തകർന്ന് അടിഞ്ഞുകൊണ്ടിരിക്കുന്ന കുടുംബത്തെ കര കയറ്റണം, കുടുംബത്തിന് അച്ഛന്റെ സ്ഥാനത്തു നിന്ന് കൈ താങ്ങാവണം. അതിന് ഒരു വഴിമാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളു. പകുതി തകർന്നിരിക്കുന്ന ബിസിനസ് പൂർണമായും തകർന്നടിയുന്നതിന് മുൻപ് പടിത്തുയർത്തുക. അതിന് വേണ്ടി കുറച്ച് ശ്രമഫലമായി വീടിനടുത്തുള്ള കോളജിലേക്ക് പഠിത്തം മാറ്റി. പിന്നെ പഠനവും ബിസിനസ്സും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി. പഠിത്തം കഴിഞ്ഞപ്പോൾ ബിസിനെസ്സിൽ മാത്രമായി ശ്രദ്ധ. പണത്തിനു വേണ്ടിയുള്ള ആ ഓട്ടത്തിൽ എല്ലായിടത്തും വിജയിച്ചു. പക്ഷെ ജീവിതത്തിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് മനസിലാക്കാൻ വളരെയേറെ വൈകി പോയിരുന്നു.