ശ്രീഹരിയുടെ വിളികേട്ട രാജു പെട്ടെന്ന് സിഗരറ്റ് കുറ്റി ദൂരേക്ക് എറിഞ്ഞ് അവന്റെ അടുത്തേക്ക് ചെന്നു.
പൈസ അവന്റെ കൈയിലേക്ക് കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു.
“നീ പുറത്തുപോയി ആഹാരം കഴിച്ചിട്ട് രണ്ടുപേർക്കുള്ള…”
പെട്ടെന്നാണ് അവൻ വരാന്തയിൽ നിൽക്കുന്ന റോയിയെ ശ്രദ്ധിച്ചത്.
“മൂന്നുപേർക്കുള്ള ആഹാരം വാങ്ങിച്ച് വാ.. പിന്നെ നിനക്ക് രാത്രി കിടക്കാൻ…”
രാജു പെട്ടെന്ന് പറഞ്ഞു.
“എനിക്കിവിടെ പുറത്ത് റൂം ഉണ്ട്, റാം സർ പോകുന്നതിന് മുൻപ് കാണിച്ചു തന്നു.”
“അഹ്.. എങ്കിൽ നീ പോയി ആഹാരം വാങ്ങിട്ട് വാ. എനിക്ക് ലൈറ്റ് ആയിട്ട് എന്തെങ്കിലും മതി.”
രാജു അവിടെ നിന്ന് പോയപ്പോഴേക്കും ശ്രീഹരി റൂമിൽ വന്ന് ഒരു പെഗ് കൂടി കുടിച്ച ശേഷം കുളിക്കാനായി കയറി.
കുളി കഴിഞ്ഞ് വന്നപ്പോൾ ശരീരത്തിനും മനസിനും ഒരു ഉന്മേഷമായി, പിന്നെ കുടിച്ചിരുന്ന മദ്യം കൂടി തലക്ക് പിടിച്ച് തുടങ്ങിയപ്പോൾ നാളെ ജീനയെ കാണാൻ കഴിയും എന്നുള്ള പോസിറ്റീവ് ചിന്ത മനസ്സിൽ ഉണർന്നു.
കൈയിൽ മദ്യം നിറച്ച ഗ്ലാസ്സുമായി വീണ്ടും ചിന്തകളിൽ മുഴുകി ഇരിക്കുമ്പോഴാണ് വീടിന് പുറത്തു നിന്നും വന്ന രാജുവിന്റെ ശബ്‌ദം അവനെ ഉണർത്തിയത്.
“സർ..”
ശ്രീഹരി പകുതി കുടിച്ച് തീർത്ത ഗ്ലാസ് മേശപ്പുറത്ത് വച്ച ശേഷം പുറത്തേക്ക് നടന്നു.
മൂന്ന് കവറുകൾ രാജു ശ്രീഹരിയെ ഏൽപ്പിച്ചപ്പോൾ അവൻ പറഞ്ഞു.
“ഒന്ന് റോയിക്ക് കൊടുത്തേക്ക്.”
അകത്തേക്ക് നടക്കാനായി ഭാവിച്ച ശ്രീഹരി പെട്ടെന്ന് തിരിഞ്ഞ് നിന്നുകൊണ്ട് പറഞ്ഞു.
“നിന്റെയിൽ സിഗരറ്റ് ഉണ്ടെങ്കിൽ താ.. അത് വാങ്ങാൻ പറയാൻ മറന്നുപോയി.”
രാജു പെട്ടെന്ന് പോക്കെറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റ് എടുത്ത് അവന്റെ നേരെ നീട്ടി.
“ഒന്ന് മതി.”
ഒരു ചിരിയോടെ രാജു പറഞ്ഞു.
“സർ പറയാൻ വിട്ടു പോയതാണെന്ന് എനിക്ക് തോന്നിയിരുന്നു, ഇത് സാറിന് വാങ്ങിയത് തന്നാണ്.”
ശ്രീഹരി ഒരു ചെറു ചിരിയോടെ അവന്റെ കൈയിൽ നിന്നും സിഗരറ്റും വാങ്ങി അകത്തേക്ക് നടന്നു.