“ജീന നിങ്ങൾ മുൻപ് പരിചയം ഉള്ളവരായിരിക്കും.. പക്ഷെ ഓഫീസിനുള്ളിൽ ഇച്ചായൻ എന്ന് വിളിക്കുന്നത് സാറിന് ചിലപ്പോൾ ഇഷ്ട്ടപെട്ടെന്ന് വരില്ല.. ”
അനുപമയ്ക്കും ശ്രീഹരിയും തമ്മിൽ അടുത്തൊരു ബന്ധമുണ്ട് എന്ന് ജീനയെ അറിയിക്കുവാൻ വേണ്ടി ഇത്ര കൂടി അവൾ പറഞ്ഞു.
“ഇവിടെ ഞാൻ പോലും സാർ എന്ന് തന്നാണ് വിളിക്കാറ്.”
പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ജീന പറഞ്ഞു.
“ഞാൻ സർ എന്ന് വിളിച്ചാലായിരിക്കും ഇച്ചായന് ഇഷ്ടപ്പെടാത്തത്.”
അവളുടെ മറുപടി കേട്ട് അനുപമ ആശ്ചര്യത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോഴാണ് അവരുടെ അടുത്തേക്ക് ശ്രീഹരി വന്നത്.
ചുണ്ടിൽ ഇരുന്ന സിഗറെറ്റ് കത്തിച്ച് കൊണ്ട് അവൻ ചോദിച്ച്.
“ജീനാ.. കുഴപ്പമൊന്നും ഇല്ലല്ലോ?”
“ഇല്ല.. അനു എനിക്ക് ഓരോന്ന് പറഞ്ഞു തരുകയായിരുന്നു.”
“എല്ലാം പെട്ടെന്ന് പഠിച്ചെടുക്കാൻ നോക്കണം.. അനു ഒരു മാസം കൂടിയേ ഇവിടെ കാണുള്ളൂ.”
ജീനാ പുഞ്ചിരിയോടെ തലയാട്ടി. ശ്രീഹരി അനുപമയോട് ഓഫീസ് കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയപ്പോൾ ജീന അവിടെ നിന്നും എഴുന്നേറ്റ് പോയി ഒരു ഗ്ലാസിൽ വെള്ളവുമായി തിരിച്ച് വന്നു.
അവിടുള്ള ചെറുപ്പക്കാരൊക്കെ ഐശ്വര്യം തുളുമ്പുന്ന ജീനയുടെ ചലനങ്ങൾ ശ്രദ്ധിച്ച് നിൽക്കുമ്പോൾ എല്ലാരേയും ഞെട്ടിച്ച് കൊണ്ട് ജീന ഗ്ലാസും വെള്ളവും മേശപ്പുറത്ത് വച്ച ശേഷം അനുപമയോട് സംസാരിച്ച് നിൽക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവന്റെ പോക്കറ്റിലേക്ക് കൈ ഇട്ടു.
ജീനയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ എന്താണ് അവൾ ചെയ്യുന്നതെന്ന് അറിയാതെ ശ്രീഹരിയും ഞെട്ടി. അപ്പോഴേക്കും അവൾ അവന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് കഴിഞ്ഞിരുന്നു. അനുപമ ഉൾപ്പെടെ അവിടുള്ളവർ എല്ലാം ഞെട്ടി നിൽക്കുമ്പോൾ ജീന അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റും കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞിരുന്നു.
സിഗരറ്റ് പാക്കറ്റും എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റും മേശമേൽ ഇരുന്ന ഗ്ലാസിലെ വെള്ളത്തിലേക്കിട്ട ശേഷം ജീന യാതൊരു ഭാവ വ്യത്യാസവും കൂടാതെ തന്റെ കസേരയിലേക്ക് പോയിരുന്നു.