“അപ്പോൾ ജീന അനുവിന്റെ കൂടെ പൊയ്ക്കോ.. അനു കാര്യങ്ങളെല്ലാം പഠിപ്പിച്ച് തരും.”
കാബിന് പുറത്തേക്ക് ഇറങ്ങിയ അനുപമ ആദ്യം തന്നെ തനിക്കരികിലായി ജീനക്ക് ഒരു ടേബിളും കസേരയും ശരിയാക്കി. എന്നിട്ട് ജോലിയെ കുറിച്ചുള്ള ഒരു പ്രാഥമിക കാര്യങ്ങൾ വിവരിക്കുമ്പോൾ തന്നെ ഓഫീസിനുള്ളിൽ അനുപമക്ക് പകരമായി വരുന്ന ആളാണ് ജീന എന്ന ന്യൂസ് പരന്നിരുന്നു. സൗന്ദര്യ ദാഹികളായ ഓഫീസിനുള്ളിൽ ചെറുപ്പക്കാർ ഒളിഞ്ഞും തെളിഞ്ഞും ജീനയെ നോക്കുന്നത് അനുപമയുടെ ശ്രദ്ധയിൽ പെട്ട്, പക്ഷെ അവരെയൊന്നും ജീന ശ്രദ്ധിക്കുന്നേ ഇല്ല എന്നത് അനുപമയുടെ മുഖത്ത് ചിരി പടർത്തി.
ജോലിയെ കുറിച്ചുള്ള ചെറിയൊരു വിവരണത്തിന് ശേഷം തന്റെ ഉള്ളിലെ ആകാംഷ കാരണം അനു ജീനയോട് ചോദിച്ചു.
“ക്രിസ്ത്യൻ ആണോ?”
“അതെ.. എന്താ?”
“ഒന്നുമില്ല.. പേര് കേട്ടപ്പോൾ അങ്ങനെ തോന്നി.”
അപ്പോൾ ശ്രീഹരിയുടെ ബന്ധു അല്ല ജീന എന്ന് അനുപമക്ക് ഉറപ്പായി.. പക്ഷെ അവർ തമ്മിലുള്ള പരിചയം എന്തായിരിക്കും.
“സാറിനെ എങ്ങനാ പരിചയം?”
ജീന ചെറു ചിരിയോടെ പറഞ്ഞു.
“ഞാനും ഇച്ചായനും ഒരുമിച്ച് പഠിച്ചതാണ്.”
അനുപമ പെട്ടെന്ന് ചോദിച്ചു.
“ഇച്ചായനോ?”
ജീന വലിയ കാര്യമല്ലാത്ത മട്ടിൽ പറഞ്ഞു.
“സാറിനെ ഞാൻ ഇച്ചായൻ എന്നാണ് വിളിക്കാറ്.”
ജീനയും ശ്രീഹരിയും തമ്മിൽ മുൻകാല പരിചയം ഉണ്ടെന്ന് മനസിലായെങ്കിലും ജീന കുറച്ചധികം സ്വതത്രത്തോടെ അവനെ ഇച്ചായൻ എന്ന് വിളിക്കുന്നത് അനുപമക്ക് ഉള്ളിൽ ചെറിയൊരു അസൂയ ഉളവാക്കി.