ശ്രീഹരിക്കൊപ്പം നടന്ന് വരുന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ട് അത് ആരാണെന്നറിയാൻ അനുപമയുടെ ഉള്ളിലും ആകാംഷ നിറഞ്ഞു.
അനുപമയുടെ മുന്നിൽ കൂടി ഒരു പുഞ്ചിരിയോടെ ശ്രീഹരി കാബിന് ഉള്ളിലേക്ക് നടന്നു കയറി, കൂടെ ജീനയും.
ഓഫീസിനുള്ളിൽ കസേരയിൽ ഇരുന്ന ശ്രീഹരി തന്റെ മുന്നിൽ നിൽക്കുന്ന ജീനയുടെ പേടി നിറഞ്ഞ മുഖം കണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“നീ എന്തിനെയാ ഇങ്ങനെ പേടിക്കുന്നെ?”
“ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു ജോലിക്ക് വരുന്നേ.. അതും ഇത്ര വലിയ ഓഫീസിൽ എത്ര അധികം സ്റ്റാഫുകൾക്ക് ഇടയിൽ.”
“നീ ഇവിടെ ആരെയാ പേടിക്കുന്നത്.. നിനക്ക് ഇവിടെ ജോലിയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നിന്നെ വഴക്ക് പറയേണ്ട ഒരേ ഒരാൾ ഞാൻ മാത്രമാണ്.. അത് മാത്രം നീ ഓർത്താൽ മതി.”
എന്നിട്ടും അവളുടെ ഉള്ളിലെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല.
അത് മനസിലാക്കിയ ശ്രീഹരി പറഞ്ഞു.
“ആദ്യത്തെ ദിവസം ആയത് കൊണ്ടാണ് നിനക്ക് ഈ ടെൻഷൻ.. ഞാൻ നിനക്ക് അനുപമയെ പരിചയപ്പെടുത്തി തരാം.”
ശ്രീഹരി അനുപമയെ അവിടേക്ക് വിളിച്ചു. അവന്റെ വിളി കാത്ത് നിന്നത് എന്നവണ്ണം അനുപമ പെട്ടെന്ന് തന്നെ അവിടേക്കെത്തി.
“അനുപമ.. ഇത് ജീന, നിന്റെ ഒഴുവിലേക്ക് ജീനയാണ് വരുന്നത്.”
അനുപമ ചെറിയൊരു ഞെട്ടലോടെയാണ് അത് കേട്ടത്. കാരണം ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ നേരിട്ടുള്ള അപ്പോയ്ന്റ്മെന്റ്.
ആ ഞെട്ടൽ മുഖത്ത് നിന്നും മറച്ച് പിടിച്ച് കൊണ്ട് അനുപമ ജീനയെ നോക്കി ചിരിച്ചു. അവൾ തിരിച്ചും.
ജീനയുടെ മുഖത്തെ ഐശ്വര്യവും മനം കവരുന്ന ചിരിയും ഒക്കെ കണ്ടപ്പോൾ തന്നെക്കാൾ സൗന്ദര്യം അവൾക്കുണ്ടെന്ന് അനുപമക്ക് തോന്നി. ഇനി സാറിന്റെ ബന്ധു ആയിരിക്കുമോ?.. പക്ഷെ ജീന എന്ന പേര് കേട്ടിട്ട് ഒരു ക്രിസ്ത്യൻ ആണെന്നും തോന്നുന്നു.
അനുപമയുടെ മനസ്സിൽ കൂടി പലതരം ചിന്തകൾ കടന്ന് പോകുന്നതിനിടയിൽ ശ്രീഹരിയുടെ ശബ്‌ദം അവിടെ ഉയർന്നു.