ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി, അപ്പോഴും അവൾ വികാരങ്ങൾ ഒന്നും ഇല്ലാത്തൊരു മുഖഭാവത്തോടെ ഇരിക്കുകയായിരുന്നു.
“ജീന പുറത്തേക്ക് നിന്നൊള്ളു.. ഞാൻ ശ്രീഹരിയുമായി ഒന്ന് സംസാരിക്കട്ടെ.”
ജീന മുറിയിൽ നിന്നും പുറത്തു പോയി കഴിഞ്ഞപ്പോൾ ഡോക്ടർ ശ്രീഹരിയോട് പറഞ്ഞു.
“ഭൂത കാലത്ത് ജീന നേരിട്ട ദുരിതങ്ങളും ഇനി ഭാവി എന്തായി തീരുമെന്നുള്ള ചിന്തയും ആണ് ആ കുട്ടിയുടെ മനസ് നിറയെ.”
ശ്രീഹരി പെട്ടെന്ന് പറഞ്ഞു.
“ഭാവിയെ കുറിച്ച് അവൾ എന്തിന് ചിന്തിച്ച് ടെൻഷൻ അടിക്കണം.. ഞാൻ അവളോടൊപ്പം ഉണ്ടല്ലോ.”
ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞു.
“അവളുടെ മനസിലൂടെ ഇപ്പോൾ എന്തൊക്കെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് മനസിലാക്കാനേ കഴിയില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം അവളിപ്പോൾ ദിവസത്തിൽ ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ്. അത് അവളെ മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്.”
“നമുക്ക് ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും ഡോക്ടർ.”
“ഞാൻ ഒരാഴ്ചത്തേക്കുള്ള ടാബ്ലറ്റ് തരാം. അത് ജീനക്ക് ഉറക്കം കിട്ടാനുള്ളതാണ്. പകലും രാത്രിയും എല്ലാം അവൾ നല്ലപോലൊന്ന് ഉറങ്ങട്ടെ.. എന്നിട്ട് നമുക്ക് ബാക്കി ആലോചിക്കാം.”
വീട്ടിൽ തിരിച്ചെത്തി ഒരു സിഗരെറ്റുമായി ശ്രീഹരി വരാന്തയിൽ നിൽക്കുമ്പോൾ ജീന അവന്റെ അരികിലേക്കെത്തി.
“ഇച്ചായന് ഞാൻ ഇപ്പോൾ ഒരു ഭാരമായി അല്ലെ.. എന്നെ ഇപ്പോൾ ഇങ്ങോട്ട് കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാകും.”
ശ്രീഹരി ചുണ്ടിൽ എരിയുന്ന സിഗരെറ്റുമായി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണിന് ചുറ്റും പടർന്നിരിക്കുന്ന കറുപ്പ് അവളുടെ മുഖത്തിന്റെ ഐശ്വര്യത്തെ ഇല്ലാതാക്കിയിരിക്കുന്നു.
“നീ എനിക്കൊരിക്കലും ഒരു ഭാരമാകില്ല മോളെ.. നിന്നെ എന്റെ പഴയ ജീന ആയി തിരികെ കിട്ടണം, അത് മാത്രമാണ് എന്റെ ആവിശ്യം.”
അവളുടെ മുഖത്ത് അർദ്ധം മനസിലാക്കാൻ കഴിയാത്ത ഒരു ചിരി വിടർന്ന് മങ്ങി.
“നീ ഇച്ചായന് വേണ്ടി ഒരേ ഒരു കാര്യം മാത്രം ചെയ്താൽ മതി.”
“എന്താ?”
“ഞാൻ പകൽ വീട്ടിൽ കാണില്ല. അപ്പോൾ ഡോക്ടർ തന്ന ടാബ്ലെറ്റ്സ് സമയസമയത്ത് തന്നെ കഴിക്കണം.”