പണ്ട് തന്റെ സമ്മതം പോലും ചോദിക്കാതെ മടിയിലേക്ക് തല വച്ച് കിടന്നിരുന്ന ജീനയിൽ നിന്നും ആണ് ആ ചോദ്യം നേരിടേണ്ടി വന്നത് എന്നത് അവനെ വേദനിപ്പിച്ചു. അറിയാതെ തന്നെ അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവന്റെ കവിളിലേക്കൊഴുകി.
അത് കണ്ടപ്പോഴാണ് താൻ ചോദിച്ച ചോദ്യത്തെ കുറിച്ചും അത് എത്രത്തോളം ശ്രീഹരിയെ വേദനിപ്പിച്ചു എന്നും ജീന ബോധവതി ആയത്.
അവൾ പെട്ടെന്ന് ശ്രീഹരിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്ക് ഇച്ചായാ.. ഞാൻ ഇപ്പോൾ എന്തൊക്കെയാ ചിന്തിച്ച് കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.. എനിക്കാരെയും വിശ്വാസമില്ലാതെ ആകുവാണ്.”
ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി. അപ്പോഴും അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
“എന്തിനാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചാവാൻ പോലും പേടിയുള്ള ഒരു പൊട്ടി പെണ്ണായി പോയി ഞാൻ, അല്ലെങ്കിൽ എന്നെ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേനെ.”
ജീനയുടെ ചിന്തകൾ അവളെ ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയാണെന്ന് ശ്രീഹരിക്ക് മനസിലായി.
അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“നാളെ നമുക്ക് ഒരിടം വരെ പോകണം.. രാവിലെ ഒരു 9 മണിക്ക് പോകാൻ റെഡി ആയിട്ട് നിൽക്കണം നീ.”
ശ്രീഹരി എഴുന്നേറ്റ് റൂമിലേക്ക് നടന്നു. അപ്പോഴും ഒഴുകി തീരാത്ത കണ്ണുനീരുമായി ജീന അവിടെ തന്നെ ഇരുന്നു.
രാവിലെ ശ്രീഹരി ജീനയെയും കൂട്ടി പോയത് പ്രശസ്ത സൈക്കാട്രിസ്റ് രാഹുൽ ശേഖറിന്റെ അടുത്തേക്കാണ്. ജീനയും ഡോക്ടറും അകത്തെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ ശ്രീഹരി മുറിക്ക് പുറത്ത് ക്ഷമയോടെ കാത്തിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം ഡോക്ടർ ജീനയോടൊപ്പം സംസാരിച്ച ശേഷം ശ്രീഹരിയെ അകത്തേക്ക് വിളിച്ചു.
ഡോക്ടർ ശ്രീഹരിയോട് പറഞ്ഞു.
“ഈ കുട്ടിക്ക് പറയത്തക്ക കുഴപ്പം ഒന്നും ഇല്ലെടോ. നല്ല പോലൊന്ന് ഉറങ്ങി തെളിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു.”