അന്ന് ഓഫീസിൽ എത്തിയ ശ്രീഹരിയുടെ മനസ്സിൽ ജീനയുടെ മൗനവും നിസ്സംഗതയും മാത്രമായിരുന്ന് ഉള്ളത്. ഓരോ തവണ കാബിനിൽ ശ്രീഹരിയെ പേപ്പേഴ്സ് കാണിക്കാൻ ചെല്ലുമ്പോഴും അവന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന നിരാശ അനുപമ ശ്രദ്ധിച്ചു.
ഉച്ചക്ക് ശേഷം തിരക്ക് ഒഴിഞ്ഞ് നിന്ന സമയത്ത് അനുപമ ശ്രീഹരിയുടെ കാബിന് ഉള്ളിലേക്ക് ചെന്നു. ആദ്യം തന്നെ അവൾ ഡോർ അടച്ച് ലോക്ക് ചെയ്യുകയാണ് അവൻ ചെയ്തത്.
അതിനുശേഷം ടേബിളും മറികടന്ന് കസേരയിൽ ഇരിക്കുന്ന ശ്രീഹരിയുടെ അടുത്തേക്ക് ചെന്ന് അവൾ ചോദിച്ചു.
“സാറിന് എന്താ പറ്റിയത്?”
അവളുടെ പെട്ടെന്ന് വന്നുള്ള ചോദ്യത്തിന് മുൻപിൽ ശ്രീഹരി പകച്ച് അവളെ നോക്കി. അനുപമ ഇതുവരെ അവന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല.
“സർ മുന്നറിയിപ്പും ഇല്ലാതെ പത്തനംതിട്ട പോയി.. അവിടന്ന് തിരിച്ച് ഇന്നാണ് ഓഫീസിൽ വരുന്നത്. വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്തോ ഒന്ന് സാറിന്റെ മനസിനെ അലട്ടുന്നുണ്ട്.. സാറ് എന്തിനാ പത്തനംതിട്ട പോയത്?”
ശ്രീഹരി അവളുടെ വെളുത്തു നീണ്ട കൈ വിരലുകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയൊരു തെറ്റ് തിരുത്താനാണ് അവിടെ പോയത്..”
അവന്റെ സ്വരം ഒന്ന് ഇടറി.
“പക്ഷെ ഒരിക്കലും ഉണക്കാൻ കഴിയാത്ത ആഴമേറിയ ഒരു മുറിവായി ആ തെറ്റ് മാറിക്കഴിഞ്ഞിരുന്നു ഞാൻ ചെല്ലുമ്പോൾ.”
അനുപമക്ക് ഒന്നും മനസിലായില്ലെങ്കിലും എന്തോ ഒന്ന് അവന്റെ ഉള്ളിൽ കിടന്ന് കത്തി അവന്റെ മനസിനെ നീറ്റുവാണെന്ന് അവൾക്ക് തോന്നി. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് അവന്റെ മനസ് വേദനിപ്പിക്കുവാൻ അവൾക്ക് തോന്നിയില്ല.
തിരികെ പോകാനായി ഒരുങ്ങിയ അനുപമ പെട്ടെന്ന് അവന്റെ നേരെ തിരിഞ്ഞ് നിന്ന് ചോദിച്ചു.
“ഞാൻ ഇന്ന് രാത്രി സാറിന്റെ വീട്ടിൽ വരട്ടെ?”
“തന്റെ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ ഇനി നമ്മൾ തമ്മിൽ അങ്ങനെ ഒരു ബന്ധം വേണ്ട എന്ന് തീരുമാനം എടുത്തതല്ലായിരുന്നോ?”