അസുരന്റെ പെണ്ണ് [Mr. മലയാളി]

Posted by

“ചിറ്റമ്മേ ” വീട്ടിൽ എത്തിയതും നീട്ടി വിളിച്ച് കൊണ്ടവൾ റോവിൻ ഉണ്ടെന്ന് പോലും നോക്കാതെ അകത്തേക്ക് ഓടി കയറി… അവളുടെ കൂവി കൊണ്ടുള്ള വിളി കേട്ടതും ചെയ്യുന്ന പണി അവിടെ ഇട്ട് നേര്യതിന്റെ തുമ്പിൽ കൈ തുടച്ചു കൊണ്ട് പത്മ വേഗം കോലായിലേക്ക് ചെന്നു…

എളിയിൽ കയ്യും കുത്തി ചുറ്റും വീക്ഷിക്കുന്ന ഗായത്രിയെ കണ്ടതും അവർ ഓടി ചെന്ന് അവളെ ഇറുക്കി പുണർന്നു…

“ഗായു മോളെ… ന്റെ കുട്ടി വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ?? വല്ലാണ്ട് ക്ഷീണിച്ചു ന്റെ കുഞ്ഞ് ” തലയിൽ തലോടി കൊണ്ട് ചിറ്റ പറഞ്ഞതും ഗായത്രി അവരെ ഒന്ന് കണ്ണുരുട്ടി നോക്കി…

“ഓഹ് ന്റെ ചിറ്റേ ഞാൻ മിനിഞ്ഞാന്ന് അങ്ങ് പോയോള്ളൂ അപ്പോഴേക്കും മെലിയുവോ? ” ചിറ്റയുടെ കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞു…

“ഔ… ഒന്ന് വിട്ടേ പെണ്ണേ വയസ്സ് ഇരുപത് ആയി ഇനിയും കുഞ്ഞു വാവ ആണെന്നാ വിചാരം… അല്ലാ എവിടെ റോവിക്കൊച്ച്?? ” പെട്ടന്ന് വെളിവ് വന്നത് പോലെ അവർ പറഞ്ഞതും അതൊന്നും കേട്ട ഭാവം നടിക്കാതെ ഗായത്രി അടുക്കളയിലേക്ക് ചെന്നു… അവൾ പോവുന്നതും നോക്കി ചെറുനോവോടെ ചിരിച്ച് കൊണ്ടാവർ മുറ്റത്തേക്ക് ഇറങ്ങി…. കൊണ്ടുവന്ന സാധനങ്ങൾ കാറിൽ നിന്നും എടുത്ത് വീട്ടിലേക്ക് കയറാൻ നിൽക്കുക ആയിരുന്നു റോവിൻ….

“വാ മോനെ… വരുന്ന കാര്യം വിളിച്ച് പറഞ്ഞില്ലല്ലോ? ഇനി ഏതായാലും പ്രാതലും കഴിച്ച് രാവിലെ മടങ്ങാം ”

“അയ്യോ വേണ്ട ചിറ്റേ… ഞങ്ങൾ ഇന്ന് തന്നെ ഇറങ്ങും… നാളെ ഓഫീസിൽ ചെല്ലണം കുറേ വർക്ക്‌ ഞാൻ ഇല്ലാതിരുന്നിട്ട് പെന്റിങ് ആണ്… പിന്നെ ഗായുവിനെ നാളെ കോളേജിലും ആക്കണം ” അവൻ പറഞ്ഞത് കേട്ടതും അവർ കണ്ണും നിറച്ച് അവന്റെ തലയിൽ അരുമയായി ഒന്ന് തലോടി കൊണ്ട് അകത്തേക്ക് വിളിച്ചു…

“മോൻ മുറിയിലേക്ക് ചെല്ല്.. ഞാൻ അപ്പോഴേക്കും ചായ എടുക്കാം ” അവർ പറയുന്നത് കേട്ടതും റോവിൻ എത്തുന്നതിനു മുൻപ് കയറി കൊണ്ട് ഗായത്രി അവളുടെ മുറി കൊട്ടി അടച്ചു… ദേഷ്യം അവനിൽ ആളി കത്തി എങ്കിലും സംയമനം പാലിച്ചു കൊണ്ട് സോഫയിൽ ചെന്ന് ഇരുന്നു അവൻ….

മുറിയിൽ കയറി വേണ്ടത് എല്ലാം ഗായത്രി എടുത്ത് ഒരു ബാഗിൽ ആക്കി കൂടെ തന്നെ ഫോൺ എടുത്ത് അപ്പുവേട്ടന് വിളിക്കാൻ നിന്നതും വാതിലിൽ ചിറ്റയുടെ കൊട്ട് വീണിരുന്നു….

“കുട്ടി വാ… ചായ ആയി റോവിക്കൊച്ച് നിന്നേം കാത്ത് ഇരിക്കാ ” എന്ന് പറഞ്ഞ് കൊണ്ട് അവർ പോയി… ഫോൺ ബാഗിന്റെ ഒരു അറയിൽ ഇട്ട് കൊണ്ട് അവൾ ചായ കുടിക്കാൻ ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *