.ഏകദേശം ഒന്നര മണിക്കൂർ നീണ്ടയാത്ര. പോകുന്ന വഴിയേ ഒരു കാര്യം മനസ്സിലായി എന്നിക്ക് മാത്രമല്ല മാറ്റം ഈ നാടും മാറി.സ്കൂളും മാറി ഓട് മാറ്റി ബിൽഡിംഗ് ആക്കി. എല്ലാവർക്കും എല്ലാത്തിനും മാറ്റം. കാലത്തിന്റെ മാറ്റം അനിവാര്യമാണല്ലോ..
അങ്ങനെ വീട് എത്താറായി എന്റെ നെഞ്ചിടിപ്പിക്കും കൂടി. വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി. വർഷങ്ങൾക്ക് ശേഷം എന്റെ വീട്ടിലേക്ക് കാല് കുത്താൻ പോകുന്നു. എന്റെ ഭാര്യയും മക്കളാണെങ്കിൽ ആദ്യമായിട്ട്.തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന് ഞാൻ അകത്തോട്ട് കയറി.
അന്നത്തെ പോലെ അല്ല വീട് പെയിന്റ് ഒക്കെ അടിച്ച് കുട്ടപ്പനാക്കിയിട്ടുണ്ട്.ഞാനും അമ്മയും മാത്രം ഉള്ളപ്പോ ഒരു സ്മാരകം പോലെ ആയിരുന്നു പഴയ പെയിന്റ് ഒക്കെ അടർന്നു പോയി പൂപ്പലും പിടിച്ച് ഒരു പഴയ സ്മാരകം ഇപ്പൊ ചുറ്റും നറച്ച് ചെടികൾ.
അമ്മു ചെടി പ്രാന്തിയാണെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.വീടിന് ചുറ്റും മനോഹരമായ പൂന്തോട്ടം.ഞാനുള്ളപ്പോൾ മഴ പെയ്തു മുളക്കുന്ന പുല്ലുകൾ അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടുമില്ല. ഉണ്ടാക്കിയിട്ടുമില്ല. പൂന്തോട്ടത്തിന് നടുക്കിൽ കരിങ്കൽ ഇട്ട പാതയിലൂടെ ഞാനും എന്റെ ഭാര്യയും മക്കളും നടന്നു.
വീട്ടിൽ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു.അവളുടെ ഫ്രണ്ട്‌സ് തന്നെ കുറേ പേരുണ്ട്.അന്ന് ഇറങ്ങിയ പടികൾ ഓരോന്നായി കയറി വീടിനുള്ളിലേക്ക് കടന്നു.ഞാൻ ആദ്യം അന്വേഷിച്ചത് അമ്മയെ ആയിരുന്നു.പക്ഷെ ആദ്യം കണ്ടത് രാഘവ് ചേട്ടനെ.
ചേട്ടൻ എന്നോട് “കേറി വാ” ന്നു പറഞ്ഞു.
എന്റെ വീട്ടിലേക്കാ എന്നോട് കേറി വരാൻ പറയുന്നേ…..!!! ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു. അപ്പോഴും ഞാൻ അമ്മയെ അന്വേഷിച്ചു. പെട്ടന്ന് ഒരു മുറിയിൽ നിന്ന് നല്ല സെറ്റ് സാരി ഉടുത്ത് അമ്മ പിറു പിറുത്തു നടന്നു പോകുന്നു. എന്നെ കണ്ടിട്ടില്ല…
“ഈ പെണ്ണിന് ഒരുങ്ങാൻ തന്നെ ഒരു മണിക്കൂറാ…. എത്ര മണി ആയിന്ന് വല്ല വിചാരം ഉണ്ടോ…” ഇങ്ങനെ പിറു പിറുത്ത് നേരെ നോക്കിയത് എന്റെ മുഖത്തേക്കാണ്. അമ്മ പെട്ടന്ന് ഒന്ന് ഞെട്ടി.കണ്ണുകൾ നിറയാൻ തുടങ്ങി വെള്ളം കെട്ടി നിന്ന് സെക്കന്റുകൾക്കകം പൊട്ടിയോഴുകി.പ്രായത്തിന്റെ ചെറിയ ചുളിവുകളും ചാലുകളും മുഖത്തും വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും എന്ത് ഭംഗിയാണ് അമ്മക്ക്. അമ്മ എന്നെ വന്ന് കെട്ടിപിടിച്ചു..