എനിക്ക് അവളെ ഭയങ്കര ഇഷ്ടാണ് പക്ഷെ അത് എന്റെ ചേച്ചി ഓക്കേ പറഞ്ഞാൽ മാത്രേ ഞാനവളോട് പറയൂ… ചേച്ചി കഴിഞ്ഞേ എന്റെ ജീവിതത്തിൽ ഇനി മറ്റൊരാളോള്ളു അത് ഞാൻ ആദ്യമേ തീരുമാനിച്ചതാ… അപ്പോഴും എന്നെ അലട്ടിയ പ്രശ്നം ചേച്ചിയെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും എന്നതായിരുന്നു.. എന്തായാലും ഇന്ന് ചേച്ചിയോട് അത് പറയാൻ പറ്റത്തില്ല… അമ്മേടെ വീട്ടിൽ പോയാൽ പിന്നെ ഒന്നും നടക്കത്തില്ല… എന്തായാലും സമയമുണ്ടല്ലോ വഴിയുണ്ടാക്കാം എന്നും വിചാരിച്ചു ഞാൻ ബെഡിൽ കിടക്കുമ്പോഴാണ് അമ്മ ഡോറിൽ മുട്ടി വിളിച്ചത്.. ഞാൻ വേഗം എണീറ്റ് പോയി ഡോർ തുറന്നു.. അമ്മ ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പ് ഞാൻ അങ്ങോട്ട് ചോദിച്ചു..
അല്ല എന്താ അമ്മേ ഇത്ര നേരം… സമയം
4 മണി ആവാറായല്ലോ…
ഒന്നും പറയണ്ട.. അവിടെ ഫുഡ്ഡുവെക്കാൻ വരുന്ന പെണ്ണിന് വീട്ടിൽ എന്തോ കാര്യം ഉണ്ടെന്ന് പറഞ്ഞ് അവൾ ഫുഡെല്ലാം വെച്ചുകഴിഞ്ഞു നേരെത്തെ പോയി.. പിന്നെ അവിടത്തെ പാത്രങ്ങൾ മൊത്തം കഴുകി വെക്കാൻ ഉണ്ടായിരുന്നു.. അതെല്ലാം കഴിഞ്ഞപ്പോ മനുഷ്യന്റെ നടു ഒടിഞ്ഞെന്നാ തോന്നുന്നേ…
മം…എന്നാ പിന്നെ അതും കൂടെ കഴിഞ്ഞിട്ട് വിട്ടാൽ പോരായിരുന്നില്ലേ…
എന്തിനാടാ.. പാവാ ആ പെണ്ണ് ഞാൻ അവളോട് രാവിലെ തന്നെ പൊക്കോളാൻ പറഞ്ഞതാ.. പിന്നെ എനിക്ക് ബുദ്ധിമുട്ടാവണ്ട എന്നു കരുതി എല്ലാം വെച്ചു കഴിഞ്ഞിട്ടാ അവള് പോയെ…. അല്ല നിന്റെ ഷർട്ടിലൊക്കെ ഇതെന്താ…
അത്… ഇന്ന് ലാസ്റ്റ് ഡേ അല്ലെ അമ്മേ ഫ്രണ്ട്‌സൊക്കെ കൂടെ ചെയ്തതാ..
മം.. അതെന്തായാലും നന്നായി.. ഇനി ഈ ഡ്രസ്സ് ഉപയോഗിക്കണ്ടല്ലോ..
ലാസ്റ്റ് ഇയർ അല്ലെ അമ്മേ.. എല്ലാരും തമ്മിൽ തമ്മിൽ എഴുതുമ്പോ ഞാനെങ്ങനെയാ വേണ്ടാന്ന് പറയാ…
മം ആയിക്കോട്ടെ… അല്ല നിന്റെ ചേച്ചി ഇതുവരെ വന്നില്ലേ….?
4 മണി ആവുന്നതല്ലെ ഉള്ളു ഇപ്പൊ വരുവായിരിക്കും….
അവൾ വന്നതാണെങ്കിൽ ഒരു ചായ ഇട്ടുതരാൻ പറയായിരുന്നു..
അതിനെന്തിനാ അവൾ ഞാൻ ഇട്ടുതരില്ലേ.. അമ്മ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ ഇട്ടേച്ചും വരാം…
ഞാൻ നേരെ അടുക്കളയിൽ ചെന്ന് ചായ ഇടാനുള്ള പരിപാടിയിലേക്ക് കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയും വന്നു.. ഞാൻ അടുക്കളയിൽ ചായ ഇട്ടോണ്ടിരിക്കാന്നു അമ്മ പറഞ്ഞത് കൊണ്ടാവണം ചേച്ചി നേരെ എന്റെ അടുത്തേക്ക് വന്നു.. ചേച്ചി വരുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ചായ ഇടാനാണെന്ന പക്ഷെ മൂദേവി എന്നെ പറ്റിച്ചു….
എടാ എനിക്കൂടെ ഒരു ചായ ഇട്ടോട്ടാ എന്നും പറഞ്ഞു കൊണ്ട് അവൾ തിരിച്ചു പോയി..
വേണെങ്കിൽ നിന്റെ കേട്ടിയോനോട് പോയി പറയടി പോത്തേ.. എന്നും പറഞ്ഞുകൊണ്ട് ഞാനെന്റെ പണി തുടർന്നു..അങ്ങനെ പറഞ്ഞെങ്കിലും ഞാൻ ചേച്ചിക്കും കൂടി ചായ ഇട്ടിരുന്നു..