വാട്സാപ്പിൽ അയച്ച മെസ്സേജ് ബ്ലൂ ടിക് ആയിട്ടും മറുപടി വന്നില്ല…
കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു, അക്കു അപ്പോൾത്തന്നെ കോൾ കട്ട് ചെയ്തു…
‘എന്നെ ഒന്ന് വെറുതെ വിടൂ’ എന്നുള്ള ആ നിശബ്ദമായ പ്രഖ്യാപനം ദേവേട്ടന് വ്യക്തമായിരുന്നു…
കസേരയിൽ തളർന്നിരിക്കുമ്പോൾ മനസ്സിൽ പല ചിന്തകളും ചുഴലിയായി കറങ്ങി…
നാലുമണിയോടെ ഫോൺ ഒന്ന് വിറവിറച്ചു…
അക്കുവിന്റെ മെസ്സേജ് ആയിരുന്നു,,
“ദേവേട്ടാ, ചേച്ചി എന്നെ മുഖത്ത് തല്ലി. ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു… ഞാൻ കമ്പനി അക്കോമഡേഷനിലേക്ക് മാറുകയാണ്.”
വിറയ്ക്കുന്ന കൈകളോടെ ദേവേട്ടൻ അക്കുവിനെ വിളിച്ചു. “എന്താണ് അക്കു സംഭവിച്ചത്?”
അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്… എല്ലാം എന്റെ തെറ്റാണ്, പക്ഷെ മനഃപൂർവം സംഭവിച്ചതല്ല… ഒരു സാഹചര്യത്തിൽ അവിചാരിതമായി പറ്റിപ്പോയതാണ്…
എല്ലാം ഞാൻ പറയാം, പക്ഷേ ഒരല്പം സാവകാശം വേണം. പ്ലീസ്…”
അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു…
ഡ്യൂട്ടി കഴിഞ്ഞ് ദേവേട്ടൻ വീട്ടിലെത്തുമ്പോൾ പടിഞ്ഞാറ് ആകാശം ചോരപോലെ ചുമന്നിരുന്നു…
അച്ചു അപ്പോഴും അതേ കിടത്തം തന്നെ. കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല, പക്ഷേ അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു…
ദേവേട്ടൻ അവളുടെ അരികിലിരുന്ന് മെല്ലെ പറഞ്ഞു,,,
“അച്ചു, പ്ലീസ്… എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ… നിങ്ങൾ രണ്ടുപേരും എന്നോട് ഒന്നും പറയുന്നില്ല, പക്ഷെ നിങ്ങൾക്കിടയിൽ എന്തോ വലിയൊരു പ്രശ്നമുണ്ടെന്ന് എനിക്കുറപ്പാണ്. എന്താണെങ്കിലും തുറന്നു പറയൂ.”