അല്പനേരം അവൾ നിശബ്ദയായി മേൽക്കൂരയിലേക്ക് നോക്കി കിടന്നു. പിന്നെ ഒരു തളർന്ന ശബ്ദത്തിൽ പറഞ്ഞു,,,
“എല്ലാം നന്നായിരുന്നു… അവിടെ അവന്റെ കൂടെയുള്ളവരെയൊക്കെ പരിചയപ്പെട്ടു… അവരോടൊക്കെ സംസാരിച്ചു… നല്ല ആൾക്കാരായിരുന്നു എല്ലാവരും… ഭക്ഷണം കഴിച്ച് ഞങ്ങൾ ഇറങ്ങി. അത്രതന്നെ.”
അവളുടെ മറുപടിയിൽ ഒരുതരം വിരക്തി കലർന്നിരുന്നു. അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി കൂടുതൽ ചോദ്യങ്ങൾ ചോദിക്കണ്ട എന്ന് ദേവേട്ടനും കരുതി. എങ്കിലും അവസാനമെന്നോണം ഒന്ന് കൂടി ചോദിച്ചു,,,
”മടങ്ങി വരുമ്പോൾ… യാത്രയിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ?”
ആ ചോദ്യം കേട്ടതും അച്ചുവിന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. അവളുടെ തലയ്ക്ക് താഴെയായിരുന്ന ദേവേട്ടന്റെ കൈകളിൽ ആ വിറയൽ വ്യക്തമായി അറിയാമായിരുന്നു…
അല്പനേരത്തെ മൗനത്തിന് ശേഷം അവൾ ഒരു ദീർഘശ്വാസം വിട്ടു…
”ഇല്ല… കുഴപ്പമൊന്നുമുണ്ടായില്ല. യാത്രയൊക്കെ സുഖകരമായിരുന്നു.”
അതിനപ്പുറം അവൾ ഒന്നും പറഞ്ഞില്ല..
അധികം വൈകാതെ മുറിയിൽ നിശബ്ദത പടർന്നു. കുറെ നേരത്തെ ചിന്തകൾക്കൊടുവിൽ ദേവേട്ടൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു…
പക്ഷേ, അച്ചു മാത്രം ഉറങ്ങിയിരുന്നില്ല. പൂർണ്ണമായ ഉറക്കത്തിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് അവൾ ഒരിക്കൽ കൂടി തന്റെ കൈകൾ മൂക്കിനോട് അടുപ്പിച്ചു മണത്തു നോക്കി…
ആ ‘മുഴുക്ക് മണം’ ഇപ്പോൾ കൈകളിലില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവൾ കണ്ണുകളടച്ചത്…