ഞങ്ങൾ വണ്ടി കുറച്ചു മാറി, ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒതുക്കി നിർത്തി.
“വാ… പോയി നോക്കാം…”
നട്ടുച്ച വെയിലായതുകൊണ്ട് തന്നെ, റോഡിൽ കാര്യമായി ആരുമില്ലായിരുന്നു. ഞങ്ങൾ ഒരു സാധാരണ കാഴ്ചക്കാർ എന്ന രീതിയിൽ, ഒരു പതർച്ചയും കൂടാതെ ആ ഗേറ്റിന് അടുത്തേക്ക് നടന്നു.
എന്നാൽ അടുത്തെത്തിയതും ഞങ്ങൾ അത്ഭുതത്തോടെ പരസ്പരം നോക്കിപ്പോയി.
അതൊരു സാധാരണ ഗേറ്റ് അല്ല…
നമ്മുടെ നാട്ടിലൊന്നും സാധാരണ കാണാത്ത, ജാപ്പനീസ് സിനിമകളിലൊക്കെ കണ്ടിട്ടുള്ളതരം ഒരു പ്രത്യേക ആകൃതിയിലുള്ള കവാടം. കടും തവിട്ടു നിറത്തിലുള്ള തടിയിൽ തീർത്ത ആ ഗേറ്റിന്റെ ഓരോ ഭാഗത്തും വല്ലാത്തൊരു കലാവിരുതുണ്ടായിരുന്നു.
മേൽക്കൂരയുടെ അരികുകൾ വളഞ്ഞു മുകളിലേക്ക് നിൽക്കുന്ന ആ ഡിസൈൻ കാണാൻ തന്നെ നല്ല ഭംഗി.
പക്ഷേ ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ ഗേറ്റിന്റെ ഒത്ത നടുവിലായി കൊത്തിവെച്ചിരിക്കുന്ന രൂപമായിരുന്നു.
ഒരു അസുരന്റെ രൂപം…!!
കയ്യിൽ എന്തൊക്കെയോ ആയുധങ്ങൾ പിടിച്ചു നിൽക്കുന്ന, കരുത്തനായ ഒരു അസുരൻ. എന്നാൽ അത് കണ്ടാൽ പേടിയല്ല, മറിച്ച് വല്ലാത്തൊരു കൗതുകമാണ് തോന്നുക. അത്രയും സൂക്ഷ്മമായാണ് അതിന്റെ ഓരോ ഭാഗവും കൊത്തിവെച്ചിരിക്കുന്നത്. ആ രൂപം ആ ഗേറ്റിന് നൽകുന്ന ഗാംഭീര്യം ഒന്ന് വേറെ തന്നെയായിരുന്നു.
“എടാ… ഇത് സംഭവം പൊളിച്ചു…”
രാഹുൽ കൗതുകത്തോടെ ആ ഗേറ്റിന്റെ കൊത്തുപണികളിലൂടെ കൈ ഓടിച്ചു.
പല ഡിസൈനുകളിൽ ആയി ഉണ്ടാക്കിയെടുത്ത ആ കവാടവാതിൽ ഒറ്റ നോട്ടം കൊണ്ട് തന്നെ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. ഇത്രയും വലിയ മതിൽക്കെട്ടിനുള്ളിൽ ഇങ്ങനെയൊരു നിർമ്മിതി കണ്ടപ്പോൾ, ഇതിനുള്ളിൽ എന്താണ് എന്നറിയാനുള്ള ആകാംക്ഷ ഞങ്ങളിൽ ഇരട്ടിച്ചു….