“എടി… നിനക്ക് നിന്റെ അച്ഛനോട് ചോദിച്ച് നമുക്ക് ഒരു കാർ വല്ലതും ഒപ്പിച്ചു തരാൻ പറ്റുമോ? വെറുതെ നടന്ന് കാല് കഴയ്ക്കുന്നു…ഇനി പൈസ ഇല്ലെങ്കിൽ ഞാൻ കൊടുക്കാം എന്ന് പറ..”
ഒരു തമാശ രീതിയിൽ ഞാനത് പറഞ്ഞതും, നടന്നുകൊണ്ടിരുന്ന കൃതിക പെട്ടെന്ന് സഡൻ ബ്രേക്കിട്ടപോലെ നിന്നു. ശേഷം സാവധാനം തല വെട്ടിച്ച് അവൾ എന്നെയൊന്നു നോക്കി.
ആ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി. തമാശക്ക് ചോദിച്ചതാണെങ്കിലും അവൾ അത് കാര്യമായി എടുത്തോ എന്നൊരു സംശയം.
“അയ്യോ… നീ ഇങ്ങനെ എന്നേ നോക്കൊന്നും വേണ്ട. ഞാൻ വെറുതേ ഒരു തമാശ പറഞ്ഞതാ… നമുക്ക് നടക്കാം… നടന്ന് നടന്ന് കാലിലെ മസിലൊക്കെ ഒന്ന് സെറ്റാവട്ടെ…”
ഞാൻ അതും പറഞ്ഞ് ഇളിഞ്ഞ ചിരിയോടെ വീണ്ടും നടക്കാൻ തുനിഞ്ഞതേയുള്ളൂ…
“ദേവാ…”
പിന്നിൽ നിന്നും അവളുടെ വിളി വന്നു.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ റോഡിന്റെ സൈഡിലേക്ക് വിരൽ ചൂണ്ടി നിൽക്കുകയാണ്.
“എന്താ…?”
അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ കുറച്ച് കാറുകൾ നിരത്തിയിട്ടിരിക്കുന്ന ഒരു സ്ഥാപനം. ‘ശ്രീ മുരുകാ കാർസ്’ എന്ന ബോർഡ് കണ്ടപ്പോൾ ഞാൻ അന്തിച്ചുപോയി.
ഞാൻ ഞെട്ടലോടെ കൃതികയെ നോക്കി.
“എടി… ഞാൻ സത്യായിട്ടും വെറുതേ പറഞ്ഞതാ… നീ ആ ഷോപ്പിലെ കാറും നോക്കി നിൽക്കണ്ട. ഇപ്പോൾ വണ്ടി വാങ്ങാൻ മാത്രം കാശൊന്നും എന്റെ കയ്യിലില്ല. നീ അത് വാങ്ങാൻ നിക്കണ്ട…”
എന്റെ വെപ്രാളം കണ്ട് അവൾ പുച്ഛത്തോടെ എന്നെയൊന്നു നോക്കി.