‘ചാവാൻ പോവണോ…?
അവൾ എന്നോട് ചോദിച്ചു
അല്ല. ഇത് പന്തയം വച്ചു മുങ്ങിയതാണ്. ആത്മഹത്യ ശ്രമം അല്ല. ഞാൻ അവളോട് പറഞ്ഞു. അല്ല പറയാൻ ശ്രമിച്ചു.
‘നിലയുള്ളിടത്തു മുങ്ങി ചാവാൻ പറ്റില്ല. ചാവണേൽ ദേ നടുവിലേക്ക് വന്നാൽ മതി..’
അവൾ പറഞ്ഞു. അവൾക്ക് എങ്ങനെ വെള്ളത്തിന് അടിയിൽ സംസാരിക്കാൻ കഴിയുന്നു. എനിക്ക് പറ്റില്ലല്ലോ. എനിക്കെന്നല്ല ആർക്കും പറ്റില്ല. ഇവൾ മരിച്ചത് കൊണ്ടാവണം ഇവൾക്ക് അതിന് കഴിയുന്നത്
‘ചാവണ്ട…’
ഞാൻ ഒരുവിധം പറഞ്ഞു. അത് അവൾക്ക് മനസിലായി എന്ന് തോന്നുന്നു.
‘എന്നാൽ എഴുന്നേൽക്ക്..’
അവൾ എന്നെ തൊട്ട് കൊണ്ട് പറഞ്ഞു. വെള്ളതിനേക്കാൾ തണുപ്പുണ്ട് അവളുടെ കൈകളിൽ
‘മുഹും..’
വേണ്ടെന്ന മട്ടിൽ ഞാൻ തലയാട്ടി. പക്ഷെ അവൾ വിട്ടില്ല. എന്റെ മുടിയിൽ പിടിച്ചു എന്നെ മുകളിലേക്ക് ഉയർത്തി. വെള്ളത്തിന് മുകളിലേക്ക് എത്തുന്നത് വരെ ഞാൻ അവളെ വ്യക്തമായി കണ്ടു. ഞാൻ വെള്ളത്തിന് മേലേ എത്തിയതും അവൾ പെട്ടന്ന് ഇല്ലാതെ ആയി. അല്ല അവളുടെ സ്‌ഥാനത്തു പകരം ശിവേച്ചി ആയിരുന്നു എന്നെ വെള്ളത്തിൽ നിന്ന് പൊക്കിയത്
‘എന്തൊരു കിടപ്പാടാ ശ്വാസം പിടിച്ചു.. ഞാൻ കരുതി നിന്റെ ബോധം പോയെന്ന്…’
ചേച്ചി കിതച്ചു കൊണ്ട് പറഞ്ഞു
എനിക്ക് മറുപടി ഒന്നും കൊടുക്കാൻ പറ്റിയില്ല. പട്ടിയെ പോലെ അണച്ചു ഞാൻ പടിയിലേക്ക് തല വച്ചു കിടന്നു. ഞാൻ വല്ലാണ്ട് അണച്ചു പോയി.
‘നന്ദുച്ചേട്ടൻ ജയിച്ചേ.. നന്ദു ചേട്ടൻ ജയിച്ചേ..’
ആയിഷ കുട്ടി സന്തോഷത്തിൽ കയ്യടിക്കുന്നത് ഞാൻ കണ്ണടച്ചു കിടന്നു കേട്ടു