പണിക്കർ അങ്ങനെ പറഞ്ഞെങ്കിലും നയന ചേച്ചിയുടെ അച്ഛൻ അച്യുതൻ വാര്യർക്ക് മനസമാധാനം കിട്ടിയിരുന്നില്ല. അയാൾ എങ്ങനെയോ നയന ചേച്ചിയിൽ നിന്ന് മുത്തപ്പന്റെ കാര്യം ചോദിച്ചു അറിഞ്ഞു. ഈശ്വരകോപം വരുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് കൂടെ കൂടെ ചോദിച്ചു കൊണ്ടിരുന്നപ്പോൾ മുത്തപ്പന്റെ കാര്യം പറഞ്ഞപ്പോ ശിവദ ചേച്ചിയെ കളിയാക്കി ചിരിച്ചത് നയന ചേച്ചി അച്ഛന് പറഞ്ഞു കൊടുത്തു. നയന ചേച്ചിയുടെ പനി കുറഞ്ഞ ഒരു ദിവസം സന്ധ്യക്ക് തൊട്ട് മുമ്പ് അച്ഛനും മകളും പിച്ചിക്കാവിലേക്ക് വന്നു..
‘നയന ചേച്ചിയും അച്ഛനും..’
വേദുവിന്റെ വീട്ടിൽ ഇരുന്നു ഏണിയും പാമ്പും കളിക്കുക ആയിരുന്നു ഞാനും ശിവേച്ചിയും വേദുവും. കൂടെ മീതുവും ഉണ്ട്. ജാനു ചേച്ചി പോയതോടെ ഏക കൂട്ട് പോയ മീതുവിന് ഞങ്ങളുടെ കൂടെ കൂട്ട് കൂടുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ഇടയ്ക്ക് ഒക്കെ ഞങ്ങളുടെ കൂടെ അവൾ കളിക്കാൻ വരും. മിക്കപ്പോഴും മീതു കളി നിർത്തി പോകുന്നത് ശിവ ആയി വഴക്കിട്ടു ആകും.. ഞങ്ങൾ കളിച്ചോണ്ട് ഇരിക്കുമ്പോ ആയിരുന്നു നയന ചേച്ചിയും അച്ഛനും അവിടേക്ക് വരുന്നത്. മീതു ആണ് അത് ആദ്യം കണ്ടത്
‘പണി പാളി മോളെ…’
ഞാൻ ശിവേച്ചിയുടെ കയ്യിൽ നുള്ളി അവർ രണ്ടും കേൾക്കാതെ പറഞ്ഞു.
‘നമ്മളെ ആരും കണ്ടിട്ടില്ലല്ലോ. നമ്മൾ അല്ലെന്ന് തന്നെ പറയണം..’
ശിവേച്ചി സ്വകാര്യം പോലെ എന്നോട് പറഞ്ഞു. മുഖത്ത് പക്ഷെ പരിഭ്രമം ഉണ്ട്
‘ചേച്ചി പറഞ്ഞു നിന്നോ. ഞാൻ നാട് വിടുവാ..’
ഞാൻ പറഞ്ഞു