ചുടലഭദ്രകാളിയെ കണ്ടു പേടിച്ചു പനിച്ചു കിടപ്പിൽ ആയ നയന ചേച്ചിയെ കാണണം എന്ന് ശിവേച്ചിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ കാണാൻ പോയി വെറുതെ സംശയം ഉണ്ടാക്കി വെക്കേണ്ട എന്ന് ഞാൻ പറഞ്ഞത് കൊണ്ട് ചേച്ചി അത് ചെയ്തില്ല. നാട്ടിൽ കുറേ നാളത്തേക്ക് സംസാരത്തിന് ഞങ്ങൾ വഴിയൊരുക്കി. സന്ധ്യ കഴിഞ്ഞു പിന്നെ കുറച്ചു നാളത്തേക്ക് കുളത്തിലേക്ക് ആരും പോകാറില്ലായിരുന്നു. അത്രക്ക് ഉണ്ടായിരുന്നു ഞങ്ങൾ കാണിച്ച വികൃതിയുടെ ശക്തി..
ഇങ്ങനെ ഒരു സംഭവം അമ്പല പരിസരത്തിന് അടുത്ത് വച്ചു നടന്നത് കൊണ്ട് തന്നെ അത് മറ്റു വഴിയിലും സഞ്ചരിച്ചു. പ്രശ്നം വയ്പ്പിക്കാൻ അമ്പലക്കമ്മറ്റി കൃഷ്ണ പണിക്കരുടെ അവിടേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ അത്രയും കഥകൾ കേട്ട് ചിരിച്ച ശിവേച്ചി ഒന്ന് വല്ലാതെ ആയി. എനിക്ക് പേടി ഒന്നും തോന്നിയില്ല. അയാളുടെ മാഹാത്മ്യങ്ങൾ ചേച്ചി കുറേ എനിക്ക് പറഞ്ഞു തന്നെങ്കിലും അതൊന്നും എന്നെ പേടിപ്പിച്ചില്ല. അയാൾ ഈ പറഞ്ഞ പോലെയൊക്കെ മിടുക്കൻ ആണെങ്കിൽ കൂടി ചെയ്തത് ഞങ്ങൾ ആണെന്ന് ഏത് മഷി ഇട്ടു നോക്കിയാലും കണ്ടു പിടിക്കാൻ കഴിയില്ല എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ കഴിവുള്ള ആൾ ആണെങ്കിൽ അയാൾ വല്ല പോലീസിലും കണ്ടേനെ.. ഞാൻ അങ്ങനെ ചിന്തിച്ചു.
ശിവേച്ചി പേടിച്ചത് പോലെ അമ്പലത്തിലെ കമ്മറ്റിക്കാർ പണിക്കരുടെ അടുത്ത് പോയി പ്രശ്നം വെപ്പിച്ചു. അത്രയും സമയം അയാളെ വിശ്വാസം ഇല്ലാതിരുന്ന എന്നിൽ ചെറിയൊരു വിശ്വാസം ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു അയാളുടെ ഉത്തരം. അവിടെ യാതൊരു പ്രശ്നവും ഇല്ലെന്ന് പണിക്കർ ഉറപ്പിച്ചു പറഞ്ഞു. ദൈവീകമായോ പൈശാചികം ആയോ ഒരു ശക്തിയും അവിടെ ആരെയും ഉപദ്രവിക്കാൻ ഇല്ല എന്ന് തന്നെ അയാൾ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്ക് അയാളോട് എന്തോ ഒരു ബഹുമാനം തോന്നി. അവിടെ ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിലൊന്നും കടിച്ചു തൂങ്ങാതെ അയാൾ അയാളുടെ അറിവ് കൊണ്ട് മറുപടി കൊടുത്തു. അതും അവിടെ യാതൊരു പ്രശ്നവും ഇല്ലെന്ന് മനസിലാക്കിയ അയാൾക്ക് ചേച്ചി കണ്ടത് ഒരു മനുഷ്യനെ ആണെന്നും മനസിലായിട്ടുണ്ടാകും. ആളുകൾ പണിക്കരെ പൊക്കി പറയുന്നതിലും കുറച്ചൊക്കെ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി