ഒരുപാട് പ്ലാൻ ചെയ്യാൻ പോയിട്ടാണ് ആഷിക കയ്യിൽ നിന്ന് പോയത് എന്ന് എനിക്ക് തോന്നി. അപ്പോളാണ് കയ്യാലപ്പുറത്തു ഇരിക്കുന്ന മറ്റൊരു പ്ലാനിന്റെ കാര്യം ഞാൻ ഓർത്തത്. നയന ചേച്ചിയെ പേടിപ്പിക്കുന്ന ഭൂതം പ്ലാൻ. എത്രയും പെട്ടന്ന് അത് നടപ്പിലാക്കണം എന്ന് ഞാൻ ശിവയോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ ചേട്ടനും ചേച്ചിയും ഉള്ളപ്പോൾ ശിവക്ക് അതിന് കഴിയുന്നില്ല
ജാനു ചേച്ചിയുടെ ചേട്ടൻ കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഗൾഫിൽ തിരിച്ചു പോകും. നാളെയോ മറ്റന്നാളോ അവർ വീട്ടിലേക്ക് മടങ്ങി പോകും എന്ന് ശിവ എന്നെ അറിയിച്ചു. ഇടയ്ക്ക് ഇടയ്ക്ക് ഞങ്ങൾ ഒറ്റയ്ക്ക് ഇരുന്നു പ്ലാൻ വീണ്ടും വീണ്ടും ചർച്ച ചെയ്തു. പിടിക്കപ്പെടാതെ ഇരിക്കാൻ ഉള്ള എല്ലാ പഴുതും ഞങ്ങൾ അടച്ചു. ഇത്രയും സാവകാശം കിട്ടിയത് കൊണ്ട് നയന ചേച്ചിയുടെ ചര്യകൾ പഠിക്കാൻ എനിക്ക് സമയം കിട്ടി. മിക്ക ദിവസവും ഞാൻ വൈകുന്നേരം അമ്പലത്തിൽ പോകുന്നത് പതിവ് ആക്കി. എന്നിട്ട് അതെല്ലാം വന്നു ശിവയോട് പറഞ്ഞു കൊണ്ടിരുന്നു.. ഇപ്പൊ പ്ലാൻ ഞാനും ശിവയും മാത്രം. വേദു പിണക്കം മാറി വന്നെങ്കിലും പേടി ഉള്ളത് കൊണ്ട് അവളെ ചേച്ചി ഒഴിവാക്കി..
വേദുവിന്റെ ആ പേടി എനിക്ക് സമ്മാനിച്ചത് പിച്ചിക്കാവിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ്. ശിവദ ചേച്ചിയുടെ സൗഹൃദം. ചേച്ചി അവിടെ ഏറ്റവും അടുപ്പം ഉള്ളത് വേദുവിനോട് ആണ്. അവരാണ് ഒരുമിച്ച് മിക്കപ്പോഴും. ഇരട്ടകളിലെ മറ്റവൾ മീതു ജാനു ചേച്ചിയുടെ കൂട്ടാളിയും. ഇങ്ങനെ ആയിരുന്നു മുമ്പെല്ലാം. കല്യാണം ജാനു ചേച്ചിയുടെ കൂട്ടാളിയെ മാറ്റിയെങ്കിൽ വേദുവിന്റെ പേടി മുതലെടുത്തു ഞാൻ അവിടെ കയറി കൂടി