‘അതേ.. എന്റെ ഫ്രണ്ട് ഇല്ലേ. അലൻ.. അവനെ അറിയില്ലേ ..?
ഞാൻ പതിയെ കാര്യത്തിലേക്ക് വന്നു
‘ആ അറിയാം. ആ പല്ല് പൊങ്ങിയ അവനല്ലേ..?
അവളങ്ങനെ ആണ് തിരിച്ചു ചോദിച്ചത്. ഇവളോട് എങ്ങനെ ഞാൻ ഇനി അവന്റെ കാര്യം പറഞ്ഞു സമ്മതിപ്പിക്കും
‘ആ.. അതേ. അവന്.. നിന്നോട്…’
കോപ്പ് ഇതെങ്ങനെ പറയും. ഞാൻ ഇത് വരെ എന്റെ പ്രേമം പോലും നേരെ ചൊവ്വനെ പറഞ്ഞിട്ടില്ല
‘എന്നോട്…?
കാര്യം മനസിലായിട്ടും രേഷ്മ പിന്നെയും ചോദിച്ചു
‘നിന്നേ അവന് ഭയങ്കര ഇഷ്ടം ആണ്..’
ഞാൻ പറഞ്ഞു. ഞങ്ങൾ സംസാരിക്കുമ്പോ ഞങ്ങൾക്ക് കുറച്ചു പുറകിൽ ആയി അലൻ നടന്നു വരുന്നുണ്ട്. കാര്യം ഏകദേശം ഓക്കേ ആയാൽ അടുത്തേക്ക് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നു. അത് കൊണ്ട് കുറച്ചു മാറിയാണ് അവൻ നടക്കുന്നത്. അവനെ രേഷ്മ പക്ഷെ എന്തായാലും കണ്ടു
‘അത് അവനു വന്നു നേരിട്ട് പറഞ്ഞു കൂടെ..?
അവൾ ചോദിച്ചു
‘അവൻ പറയും. പക്ഷെ നിന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ട് മതിയല്ലോ എന്ന് വച്ചു..’
ഞാൻ പറഞ്ഞു
‘എനിക്ക് അവനെ ഇഷ്ടം അല്ല..’
രേഷ്മ എടുത്തടിച്ച പോലെ പറഞ്ഞു
‘അങ്ങനെ എടുത്തടിച്ച പോലെ പറയാതെ..’
‘പിന്നെ എങ്ങനെ പറയണം. എനിക്ക് ഇഷ്ടം ഉണ്ടേൽ ഉണ്ടെന്ന് പറയാം. ഇല്ലെങ്കിൽ ഇല്ലെന്ന് തന്നെ അല്ലേ പറയാൻ പറ്റൂ..’
അവൾ പറഞ്ഞു
‘നീ ഒന്ന് ആലോചിച്ചിട്ട് ശരിക്കും ഉള്ള തീരുമാനം പറഞ്ഞാൽ മതി..’
ഞാൻ പറഞ്ഞു
‘ഇതിൽ എന്ത് ആലോചിക്കാൻ ആണ്. എനിക്ക് അവനെ ഇഷ്ടം അല്ല. അല്ല നീയെന്തിനാ അവന്റെ കാര്യം പറഞ്ഞോണ്ട് വരുന്നത്. അവന് വന്നൂടെ..’