വീടിന്റെ ഉമ്മറത്തായി തന്നെ അവളുടെ അമ്മ ആരെയോ കാത്തെന്നപോലെ ഇരിക്കുന്നുണ്ടായിരുന്നു… ഞങ്ങളെ കണ്ടതും അവർ കസേരയിൽ നിന്നെണീറ്റ് അമ്മയുടെ പിന്നിലായി നിന്നിരുന്ന എന്റെ അടുത്തേക്ക് വന്ന് ചെവിയിൽ പിടിച്ചു…
“” നിനക്കിപ്പോഴാണൊടാ ഇവടക്കൊന്ന് വരാൻ തോന്നിയെ…? ഏഹ്…? നിന്റൊടന്ന് ഒരു രണ്ടടി വച്ചാൽ ഇങ്ങോട്ടത്തില്ലേ…!”” എന്റെ ചെവിപ്പിടിച്ചു തിരിച്ചോണ്ട് അവരത് പറഞ്ഞതിന് ഞാൻ നന്നായൊന്ന് ചിരിച്ചുകൊടുത്തു,
“” അതിനവനെവടെടി സമയം, അവൻ തല്ല്ണ്ടാക്കി നടക്കണ തെരക്കിലല്ലേ…!”” വീണുകിട്ടിയ അവസരം പാഴാക്കാതെ എന്റെ തള്ള എന്നെ നന്നായൊന്ന് വാരി,
“” നീയൊന്ന് മിണ്ടാതിരിന്നെ… ആമ്പിള്ളേരാവുമ്പോ കുറച്ച് തല്ലും പിടിയുമൊക്കെ ഉണ്ടായീന്ന് വരും, അതൊക്കെ സാധാരണയ…! ല്ലേ മോനെ…? “” എന്നെ സപ്പോർട്ട് ചെയ്തുള്ള അവരുടെ മറുപടിയിൽ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഇപ്പൊ ഞാനും ഇവരുടെ മോളും തമ്മിലാ അടീന്ന് അലോയ്ച്ചപ്പോ പൊട്ടനെപോലെ ചിരിച്ചോണ്ട് തലയാട്ടിയതല്ലാതെ ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല…!
ലക്ഷ്മിയമ്മ എന്റെ അമ്മയുടെ കൈയും പിടിച്ച് അകത്തേക്ക് കേറാൻ തുടങ്ങിയതും എന്തോ ഓർമവന്നത് പോലെ പെട്ടന്ന് കൈയിലെ ഫോണും ഉയർത്തി വീണ്ടും എനിക്ക് നേരെ വന്നു,
“” വാവേ, ഈ ഫോണോന്ന് നോക്കടാ… ഇതിന്റെ വെളിച്ചം എടക്ക് തന്നെത്താലേ കൂടിയും കൊറഞ്ഞോണ്ടിരിക്ക… രാധികേടെ പിള്ളേരെന്തോ പിടിച്ച് ഞെക്കിയേതാന്ന തോന്നണേ…!!”” അവരുടെ പിന്നാലെ അകത്തേക്ക് കേറണോ വേണ്ടയോന്ന് ആലോചിച്ചിരിക്കുമ്പഴാണ് അവരെന്റെ നേരെയത് നീട്ടുന്നത്… ഈ വാണ പുള്ളേരുടെ ഒരു കാര്യം, ആ പാവത്തിന്റെ ഫോൺ നശിപ്പിച്ചു…!